അയോധ്യ വിധി: കേരളത്തില്‍ കനത്ത സുരക്ഷ
തിരുവനന്തപുരം: അയോധ്യ കേസ്സില്‍ അലഹബാദ് ഹൈക്കോടതി വെള്ളിയാഴ്ച വിധി പ്രസ്താവിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച രാത്രി മുതല്‍ കേരളത്തില്‍ കര്‍ശനമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വ്യാഴാഴ്ച രാത്രി മുതല്‍ റെയില്‍വേസ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പൊതുസ്ഥലങ്ങളിലും ഹൈവേകളിലും പോലീസ് പട്രോളിങ് ഏര്‍പ്പെടുത്തും.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 23, 24, 25 തീയതികളില്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്നുരാവിലെ 6 മണി മുതല്‍ 25ന് രാത്രി 12 മണി വരെയാണ് നിരോധനം. ഈ കാലയളവില്‍ സമ്മേളനമോ പ്രകടനമോ നടത്തണമെങ്കില്‍ മുന്‍കൂര്‍ അനുവാദം നേടിയിരിക്കണം. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും
മുപ്പത്തിരണ്ടായിരത്തോളം പോലീസിനെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷനുകളില്‍ ബോംബ് സ്‌ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്.
വടക്കന്‍ ജില്ലകളില്‍ ദ്രുതകര്‍മ സേനയെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. അവധിയില്‍ പ്രവേശിച്ചിരുന്ന പോലീസ് സേനാംഗങ്ങളെ മുഴുവന്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.
ക്യാമ്പുകളിലുള്ള പോലീസുകാരെ ലോക്കല്‍ സ്‌റ്റേഷന്‍ പരിധിയിലേക്ക് വ്യാഴാഴ്ച രാവിലെയോടെ വിന്യസിച്ചുതുടങ്ങും. പരമാവധി സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് അറിയിച്ചു.
പ്രധാനപ്പെട്ട സ്ഥലങ്ങളുടെ സുരക്ഷാച്ചുമതല ദ്രുതകര്‍മ്മസേനയെ ഏല്‍പ്പിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പൊതുജനങ്ങള്‍ കൂട്ടംകൂടുന്നതിനും പ്രകടനങ്ങള്‍ നടത്തുന്നതിനും അതത് പ്രദേശത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications