തിരഞ്ഞെടുപ്പ്: ഫ്ലക്‌സിനും പ്ലാസ്റ്റികിനും നിരോധനം
തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണത്തിന് പോസ്റ്ററുകള്‍ പതിക്കാനായി ഫ്ലക്‌സ്, പ്ലാസ്റ്റിക് എന്നിവ ഉപയോഗിക്കരുതെന്ന നിര്‍ദേശം പുനഃപരിശോധിക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പു കമ്മിഷന്‍ നിരാകരിച്ചു.
ഫ്ലക്‌സ് ഉപയോഗിക്കരുതെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നു ബോര്‍ഡുനിര്‍മാതാക്കളുടെ സംഘടന അഭ്യര്‍ഥിച്ചിരുന്നു.
ഫ്ലക്‌സ് പൂര്‍ണമായും മണ്ണിലലിയുന്ന വസ്തുവാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നുനിര്‍മ്മാതാക്കളുടെ സംഘടന തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് തുടര്‍ന്നു വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ആവശ്യപ്പെട്ടു.
ഫ്ലക്‌സ് ഒരിനം പ്ലാസ്റ്റിക് ആണെന്നും അവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പോളിവിനൈല്‍ ക്‌ളോറൈഡ് മണ്ണില്‍ അലിയുന്നതല്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.
ജൈവവസ്തുവിനൊപ്പം ക്‌ളോറിന്‍കൂടി അടങ്ങിയിരിക്കുന്നതിനാല്‍ അവ കത്തുമ്പോള്‍ വിഷവാതകങ്ങള്‍ ബഹിര്‍ഗമിക്കാന്‍ സാധ്യതയുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി ഇതെല്ലാം കണക്കിലെടുത്തു ബോര്‍ഡിന്റെ നിര്‍ദേശം കമ്മിഷന്‍ അംഗീകരിക്കുകയായിരുന്നു.
ഫ്ലക്‌സിനു പകരം സിന്തറ്റിക് ഫൈബര്‍ മെറ്റീരിയല്‍ ഉപയോഗിക്കാനുള്ള നിര്‍ദേശവും തല്‍ക്കാലം നടപ്പാക്കേണ്ടെന്നു ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഇതുസംബന്ധിച്ച് എറണാകുളം സ്വദേശി കെ. ടി. ബൈജു നല്‍കിയ അപേക്ഷയും ബോര്‍ഡിന്റെ അഭിപ്രായത്തിനായി കമ്മിഷന്‍ നല്‍കിയിരുന്നു.
സിന്തറ്റിക് ഫൈബറും പ്രകൃതിദത്ത വസ്തുവല്ലെന്നാണു ബോര്‍ഡിന്റെ പ്രാഥമിക നിഗമനം. ബോര്‍ഡിന്റെ ലാബ് പരിശോധനാഫലം ലഭിച്ചശേഷം കമ്മിഷന്‍ അന്തിമ തീരുമാനം എടുക്കും.












Click it and Unblock the Notifications