കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് എട്ടിന ഫോര്‍മുല
ദില്ലി: കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനും പ്രശ്‌നപരിഹാരത്തിനുമായി കേന്ദ്രസര്‍ക്കാര്‍ എട്ടിന ഫോര്‍മുല പ്രഖ്യാപിച്ചു.
കശ്മീര്‍ ജനതയുമായി നിരന്തരം ആശയവിനിമയം നടത്താന്‍ പ്രമുഖ വ്യക്തിയുടെ നേതൃത്വത്തില്‍ മധ്യസ്ഥസംഘത്തിനു രൂപംനല്‍കാനുള്ളതാണു ഇതിലെ പ്രധാന തീരുമാനം.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാസമിതിയാണു നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
കല്ലേറ് ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ നടപടികള്‍ക്ക് അറസ്റ്റിലായ യുവാക്കളെ ഉടന്‍ മോചിപ്പിക്കണം. പൊതു സുരക്ഷാനിയമത്തിന്റെ പേരില്‍ സ്വീകരിച്ച കേസുകള്‍ പുനരവലോകനം ചെയ്യണം.
ഏകോപിത കമാന്‍ഡിന്റെ യോഗം വിളിച്ചുചേര്‍ത്തു സേനാവിന്യാസം വിമര്‍ശനപരമായ വിലയിരുത്തലിനു വിധേയമാക്കണം. ബങ്കറുകള്‍ കുറയ്ക്കണം. പരിശോധനാ കേന്ദ്രങ്ങളുടെ സംഖ്യയിലും കുറവു വരുത്താന്‍ ശ്രമിക്കണം- തുടങ്ങിയവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍.
കലഹബാധിത പ്രദേശങ്ങളെക്കുറിച്ചു പുറപ്പെടുവിച്ച ഉത്തരവു പുനരവലോകനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു തീരുമാനങ്ങള്‍ വിശദീകരിയ്ക്കുന്നതിനിടയില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു.
കശ്മീര്‍ സന്ദര്‍ശിച്ച 36 അംഗ സര്‍വകക്ഷി സംഘം നടത്തിയ നിരീക്ഷണങ്ങളുടെയും എത്തിച്ചേര്‍ന്ന നിഗമനങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു സുരക്ഷാസമിതി യോഗം. ആഭ്യന്തര മന്ത്രിയായിരുന്നു സര്‍വകക്ഷി സംഘത്തില്‍ സര്‍ക്കാരിന്റെ മുഖ്യ പ്രതിനിധി.
ജനങ്ങളോട് അടുത്തുനില്‍ക്കാന്‍ കഴിയാത്തതാണു സംസ്ഥാനത്തെ ഭരണനേതൃത്വം നേരിടുന്ന പ്രധാന പ്രശ്‌നമെന്ന അഭിപ്രായം സര്‍വകക്ഷി സംഘത്തിനുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും കേന്ദ്രം സംസ്ഥാനത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ സമാധാനശ്രമങ്ങളെ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല സ്വാഗതം ചെയ്തു. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാനുതകിയ നീക്കമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications