കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ക്ക് ടെന്റര്‍ ഉടന്‍

Google Oneindia Malayalam News

തിരുവനന്തപുരം: വാഹനങ്ങളില്‍ സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വരുന്നു. ഈ നമ്പര്‍ പ്ളേറ്റുകള്‍ ഉണ്ടാക്കുന്നത് അംഗീകാരം കിട്ടിയ കമ്പനികളായിരിയ്ക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലെ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഏര്‍പ്പെടുത്താനായി ടെന്റര്‍ ക്ഷണിയ്ക്കാനുള്ള അനുമതി ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനെ സമീപിച്ചിരിയ്ക്കുകയാണ്.
വാഹനങ്ങളില്‍ സുരക്ഷാ നമ്പര്‍ പ്ലേറ്റ് വേണമെന്നാണ് നിബന്ധന. ഇത് നടപ്പാക്കാനായി സുപ്രീം കോടതി അനുവദിച്ച സമയം ഒക്ടോബര്‍ ഏഴിന് അവസാനിയ്ക്കും. ഇതാണ് ഇപ്പോള്‍ ധൃതിപിടിച്ച് ടെന്ററിനുള്ള നീക്കം നടക്കുന്നത്.

സര്‍ക്കാരിന്റെ അനുമതി ലഭിച്ച് കഴിഞ്ഞാല്‍ ഉടന്‍ ടെന്റര്‍ നടപടി തുടങ്ങും. ആദ്യ ഘട്ടമായി പ്രധാന ജില്ലകളിലാണ് സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഏര്‍പ്പെടുത്തുന്നത്. തുടര്‍ന്ന് മറ്റ് ജില്ലകളിലും നടപ്പാക്കും.

പുതിയ വാഹനങ്ങള്‍ക്ക് സുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കും. മറ്റ് വാഹനങ്ങള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ ഇവ വയ്ക്കാന്‍ സമയം നല്‍കും. കാറുകള്‍ക്കും മറ്റു വലിയവാഹനങ്ങള്‍ക്കും 1600 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 750 രൂപയും നമ്പര്‍പ്ലേറ്റിനായി ചെലവുവരും. 1.0 മില്ലിമീറ്റര്‍ കനമുള്ള അലുമിനിയം ഷീറ്റിലാണ് ഇവ തയ്യാറാക്കുന്നത്. ക്രോമിയം ചേര്‍ന്ന നീലനിറത്തിലുള്ള ഹോളോഗ്രാമാണ് പ്രധാന സുരക്ഷാസംവിധാനം. ഹോളോഗ്രാം മാറ്റാനാവില്ല. മാറ്റിയാല്‍ നമ്പര്‍ പ്ലേറ്റ് ഉപയോഗ രഹിതമാവും.

സംസ്ഥാനത്ത് 15 ലക്ഷം നാലുചക്രവാഹനങ്ങളും 40 ലക്ഷം ഇരുചക്രവാഹനങ്ങളും ഉള്ളതായാണ് കണക്ക്.

വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഉണ്ടാക്കുന്നത് തടയാനാണ് ഈ പുതിയ നീക്കം. സുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍മിക്കാന്‍ അംഗീകാരമുള്ള 17 ഏജന്‍സികളാണുള്ളത്. ഡല്‍ഹിയിലെ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട്, പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ, അഹമ്മദ് നഗറിലെ വെഹിക്കിള്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് എസ്റ്റാബ്ലിഷ്‌മെന്‍റ് എന്നിവയാണ് ഇവയ്ക്ക് അംഗീകാരം നല്‍കുന്നത്.

മോട്ടോര്‍വാഹനവകുപ്പ് നിശ്ചയിക്കുന്ന സ്ഥലത്തുവെച്ച് അധികൃതരുടെ മേല്‍നോട്ടത്തിലായിരിയ്ക്കും നമ്പര്‍പ്ലേറ്റുകള്‍ സ്ഥാപിക്കുക. ഈ നമ്പര്‍ പ്ലേറ്റിന് കേട് പറ്റിയാല്‍ പുതിയത് കിട്ടാന്‍ രജിസ്‌ട്രേഷന്‍ രേഖകള്‍ സഹിതം വാഹനം ഹാജരാക്കണം. ഈ നമ്പര്‍ പ്ലേറ്റുകള്‍ക്ക് പ്രത്യേക ക്രമനമ്പരുകള്‍ ഉണ്ടാകും. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ രേഖകളില്‍ ഈ ക്രമനമ്പരുകള്‍ രേഖപ്പെടുത്തും. വാഹനത്തിന്റെ മുന്‍വശത്തെ ഗ്ളാസില്‍ ഹോളോഗ്രാമുള്ള പ്രത്യേക സ്റ്റിക്കര്‍ പതിക്കും. ഇതില്‍ എന്‍ജിന്‍നമ്പര്‍, ചേസിസ്‌നമ്പര്‍, സുരക്ഷാനമ്പര്‍ പ്ലേറ്റിന്റെ ക്രമനമ്പര്‍ എന്നിവയും ഉണ്ടാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X