മദനിയുടെ ജുഡീഷ്യല്‍ കസ്റ്റഡി 12 വരെ നീട്ടി

കസ്റ്റഡി കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് വെങ്കിടേഷ് ഗുരുജി കേസ് പരിഗണിച്ചത്.
മദനിയുടെ സെല്ലില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന്‍ കോടതി ജയിലധികൃതരോട് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ ് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതി നടപടികള്‍ നടന്നത്.
കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആഴ്ചയില്‍ മൂന്നോ നാലോ ദിവസം പാര്‍ട്ടി നേതാക്കള്‍ക്ക് മദനിയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുവാദം നല്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അ ആവശ്യപ്പെട്ടു.
സന്ദര്‍ശകരുടെ അപേക്ഷയില്‍ വേഗം തീരുമാനമെടുക്കാന്‍ ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭ്യമാകാത്ത കാര്യവും അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഇതേത്തുടര്‍ന്ന്, കുറ്റപത്രത്തിന്റെ പകര്‍പ്പ് ഉടന്‍തന്നെ മഅദനിക്ക് നല്കണമെന്ന് മജിസ്‌ട്രേട്ട് വെങ്കിടേഷ് ഗുരുജി വീണ്ടും പോലീസിന് നിര്‍ദേശം നല്കി.
ജയിലില്‍ മഅദനിയുടെ സെല്ലില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നിടങ്ങളില്‍പ്പോലും നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
ഇത് സ്വകാര്യതയുടെമേലുള്ള കടന്നുകയറ്റമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും അഡ്വ. ഉസ്മാന്‍ കോടതിയെ ബോധിപ്പിച്ചു. അതിനാല്‍ നിരീക്ഷണ ക്യാമറകള്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന്‍ മജിസ്‌ട്രേട്ട് ജയിലധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കുന്ന കാര്യത്തില്‍ കോടതി അഭിപ്രായപ്രകടനമൊന്നും നടത്തിയില്ല. കേസില്‍ ജയിലിലുള്ള മറ്റ് 13 പ്രതികളുടെയും ജുഡീഷ്യല്‍ കസ്റ്റഡി 12 വരെ നീട്ടിയിട്ടുണ്ട്.












Click it and Unblock the Notifications