കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി ഇന്ന് ;രാജ്യം ജാഗ്രതയില്‍

  • By Lakshmi
Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ വിവാദഭൂമിയുടെ ഉടമാവകാശത്തര്‍ക്കത്തില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൊ ബഞ്ച് വ്യാഴാഴ്ച മൂന്നരയ്ക്കു വിധിപറയും.

സ്വതന്ത്ര ഇന്ത്യയില്‍ രാഷ്ട്രീയമായും സാമൂഹികമായും പ്രാധാന്യമേറെ ലഭിച്ച കേസിലെ പ്രധാന സംഭവമായ ബാബറി മസ്ജിദ് തകര്‍ക്കല്‍ കഴിഞ്ഞിട്ട് 22 വര്‍ഷമായെങ്കിലും അത് ഇന്ത്യയില്‍ സൃഷ്ടിച്ച അലയൊലികള്‍ പൂര്‍ണമായും അടങ്ങിയിട്ടില്ല.

ആറു പതിറ്റാണ്ടോളം നീണ്ട തര്‍ക്കത്തിന്റെ വൈകാരികസ്വഭാവം മൂലം ഹൈക്കോടതിവിധി പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നു പരക്കെ ആശങ്കയുണ്ട്. അതിനാല്‍ത്തന്നെ രാജ്യമൊട്ടുക്കും കനത്ത ജാഗ്രതയിലാണ്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

അയോധ്യാ തര്‍ക്കവുമായി ബന്ധപ്പെട്ട കേസിന് 125 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ഇപ്പോള്‍ വിധി പറയുന്ന ഉടമസ്ഥാവകാശ ഹര്‍ജിക്ക് 60 കൊല്ലത്തെ പഴക്കമേയുള്ളൂ. അഞ്ച് ഉടമസ്ഥാവകാശ ഹര്‍ജികളിലും ഒരു ഡസനോളം അനുബന്ധ ഹര്‍ജികളിലുമാണ് ഹൈക്കോടതി തീര്‍പ്പ് കല്പിക്കുക. തര്‍ക്കഭൂമിയിലേക്കുള്ള പ്രവേശനം, ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് അനുബന്ധ ഹര്‍ജികള്‍.

ഹൈക്കോടതിയുടെ ഉത്തരവ് എന്തായാലും സമചിത്തതയോടെ അഭിമുഖീകരിക്കണമെന്നു പ്രധാനമന്ത്രി അടക്കമുള്ള ഭരണകര്‍ത്താക്കളും രാഷ്ട്രീയ, സാമൂഹിക, സാമുദായിക നേതാക്കളും ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

അനുരഞ്ജന ശ്രമത്തിനുവേണ്ടി ഹൈക്കോടതിവിധി മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കേസിലെ കക്ഷികളിലൊരാളായ രമേശ്ചന്ദ്ര ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുവദിച്ചിരുന്ന ഇടക്കാല സ്‌റ്റേ സുപ്രീം കോടതി ചൊവ്വാഴ്ച നീക്കിയതോടെയാണ് സെപ്റ്റംബര്‍ 30ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കു വിധിപറയാന്‍ അലഹാബാദ് ഹൈക്കോടതി തീരുമാനിച്ചത്.

വിധിപറയുന്ന കേസിന്റെ സ്വഭാവം കണക്കിലെടുത്ത് ഹൈക്കോടതി കേന്ദ്രസേനയുടെ വലയത്തിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X