എന്താണ് നിര്‍മോഹി അഖാഡ ?
ബാംഗ്ലൂര്‍: അയോധ്യ തര്‍ക്കത്തിന്റെ വിധിദിവസം കോടതി പ്രഖ്യാപിച്ചതുമുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വാക്കാണ് നിര്‍മ്മോഹി അഖാഡ. തര്‍ക്കഭൂമിയ്ക്ക് അവകാശവാദം ഉന്നയിച്ച്്് ഹര്‍ജി നല്‍കിയവരില്‍ നിര്‍മോഹി അഖാഡയുമുണ്ടായിരുന്നു. എന്താണ് നിര്‍മ്മോഹി അഖാഡ? പലര്‍ക്കും സംശയങ്ങളുണ്ട്.
സ്വന്തം ആചാരങ്ങളും വിശ്വാസങ്ങളുമുള്ള ഹിന്ദുമത പ്രസ്ഥാനമാണു നിര്‍മോഹി അഖാഡ. വൈഷ്ണവ സമ്പ്രദായം പിന്തുടരുന്ന, ഈ സന്യാസി വിഭാഗത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിവിധ വിഭാഗങ്ങളായി പിരിഞ്ഞ അഖാരകളില്‍ വിഷ്ണുവിനെയും ശിവനെയും ആരാധിക്കുന്ന വിഭാഗങ്ങളുണ്ട്. ഇതില്‍ വിഷ്ണുവിനെ ആരാധിക്കുന്നവരാണ് അയോധ്യ ആസ്ഥാനമായ നിര്‍മോഹി അഖാഡക്കാര്‍.
അഖിലഭാരത അഖാര പരിഷത്ത് അംഗീകരിച്ചിട്ടുള്ള 14 അഖാഡകളില്‍ ഒന്നാണിത്, മഹന്ത് ഭാസ്‌കര്‍ ദാസ് ആണ് ഇപ്പോഴത്തെ മേധാവി. 1959 മുതല്‍ അയോദ്ധ്യാ കേസില്‍ ഇവര്‍ ഇടപെടുന്നുണ്ട്.
ബാബ്‌റി മസ്ജിദ് സ്ഥിതിചെയ്ത തര്‍ക്കഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി അന്ന് നിര്‍മോഹി അഖാഡ ഹര്‍ജി നല്‍കി. അതിനുമുമ്പ് 1885ല്‍, ബാബ്‌റി മസ്ജിദിന് സമീപമുള്ള രാം ഛബൂത്രിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി തേടി ഫൈസാബാദ് സബ് ജഡ്ജിക്ക് ഹര്‍ജി നല്‍കി.
അത്രയ്ക്ക് അടുത്ത് രണ്ടു മതമന്ദിരങ്ങള്‍ പൊതുസമാധാനം തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടി ജഡ്ജി അപേക്ഷ നിരസിക്കുകയായിരുന്നു. അന്നുമുതല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുവേണ്ടിയുള്ള പ്രചാരണത്തില്‍ നിര്‍മോഹി അഖാഡയും സജീവമായിരുന്നു.
1959ല്‍ ഇവര്‍ വീണ്ടും കോടതിയിലെത്തി. ക്ഷേത്രനടത്തിപ്പു തങ്ങളെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് 1989ല്‍ യുപി സര്‍ക്കാരിനെതിരെയും അഖാഡ കോടതിയിലെത്തി.












Click it and Unblock the Notifications