വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
വണ്ണപ്പുറം(ഇടുക്കി): മൂന്നു കുട്ടികളുടെ അമ്മയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടാം പ്രതിയായ ബി.ടെക് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റുചെയ്തു.
26കാരനായ രാജേഷ് ആണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി ബിനോജ് നേരത്തേ കോടതിയില്‍ ഹാജരായിരുന്നു. സെപ്റ്റംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
യുവതി ഭര്‍ത്താവുമായി പിണങ്ങി കുട്ടികളോടൊപ്പം തനിച്ചു താമസിക്കുകയായിരുന്നു. അയല്‍വാസിയായ ബിനോജും ബന്ധുവായ രാജേഷും യുവതിയുടെ സഹോദരനുമായുള്ള സാമ്പത്തികപ്രശ്‌നം സംസാരിക്കാനെന്ന വ്യാജേന രാത്രി വീട്ടില്‍ എത്തുകയായിരുന്നു.
സംസാരം വാഗ്വാദത്തില്‍ കലാശിച്ചു. ഇതേത്തുടര്‍ന്ന് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ ഇവര്‍ മദ്യപിച്ചശേഷം വീണ്ടും എത്തി യുവതിയെ ബലമായി വലിച്ചിറക്കി മാനഭംഗപ്പെടുത്തുകയായിരുന്നു.
അയല്‍ വീടുകളില്‍ ആള്‍താമസം ഇല്ലാതിരുന്നതിനാല്‍ സംഭവം ആരും അറിഞ്ഞിരുന്നില്ല. കുട്ടികള്‍ ഉറക്കമായിരുന്നു.
അപമാനഭയത്താല്‍ യുവതി വിവരം പുറത്തുപറഞ്ഞില്ല. ദിവസങ്ങള്‍ക്കുശേഷം വീട്ടിലെത്തിയ ബന്ധുവിനോടു വിവരം പറഞ്ഞതോടെ കാളിയാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിനല്‍കി.
അന്വേഷണം ആരംഭിച്ചതോടെ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് രാജേഷിനെക്കുറിച്ചു സൂചന ലഭിച്ചത്.
കൃത്യത്തിനുശേഷം കണ്ണൂരിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ വ്യാഴാഴ്ച നാട്ടില്‍ എത്തിയ ഉടനെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.












Click it and Unblock the Notifications