ഹിന്ദുക്കള്‍ മുസ്ലീം പള്ളി പുതുക്കിപ്പണിതു
ബാംഗ്ലൂര്‍: അയോധ്യ വിധി പക്വതയോടെ സ്വീകരിച്ച ഇന്ത്യക്കാരുടെ മതേതരത്വ മനോഭാവം വീണ്ടും വിളിച്ചോതിക്കൊണ്ട് ഹിന്ദുക്കള്‍ മുസ്ലീം പള്ളി പുനര്‍നിര്‍മ്മിക്കുന്നു.
കര്‍ണാടകത്തിലെ ഗഡാഗ് ജില്ലയിലാണ് ഹിന്ദുക്കള്‍ ചേര്‍ന്ന് തകര്‍ന്നുവീഴാറായ മുസ്ലീം പള്ളി പുതുക്കിപ്പണിയുന്നത്. പുര്‍താഗെരി ഗ്രാമത്തിലെ ഹിന്ദുക്കളാണ് മതസൗഹാര്‍ദ്ദത്തിന്റെ പുതിയ വക്താക്കളായത്.
കാലപ്പഴക്കമേറിയ പള്ളി 2009 ഒക്ടോബര്‍ മുതല്‍ അപകടാവസ്ഥയിലായിരുന്നു. ഇത്തവണത്തെ മഴയില്‍ പള്ളിയുടെ ഉള്ളില്‍ ചോര്‍ച്ചയുണ്ടാവുകയും ഒരു ഭാഗം തകര്‍ന്നുവീഴുകയും ചെയ്തു.
ഗ്രാമത്തില്‍ 150 വീടുകള്‍ ഉള്ളതില്‍ പത്തു കുടുംബങ്ങള്‍ മാത്രമാണ് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍. ഗ്രാമവാസികളെല്ലാവരും കൂലിത്തൊഴിലാളികളുമാണ്. അതിനാല്‍ത്തന്നെ പള്ളി നിര്‍മിക്കാനുള്ള സാമ്പത്തികഭാരം ഇവര്‍ക്കു താങ്ങാന്‍ കഴിയുമായിരുന്നില്ല.
വിവരമറിഞ്ഞ തൊട്ടടുത്ത ഗജേന്ദ്രഗാദാ ഗ്രാമത്തിലെ ഹൈന്ദവര്‍ പള്ളി പുതുക്കിപ്പണിയാന്‍ ഒരു ലക്ഷം രൂപയോളം പിരിവെടുത്തു നല്‍കുകയും കെട്ടിടനിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ സംഭാവന ചെയ്യുകയുമായിരുന്നു.
പണം നല്‍കാന്‍ നിവൃത്തിയില്ലാത്ത ചില ഹൈന്ദവര്‍ പള്ളിപണിയാനായി ശാരീരിക അധ്വാനമാണ് ചെയ്തത്. ആശാരിപ്പണിയെത്തും സിമന്റും കല്ലും ചുമന്നും അവര്‍ സംരംഭത്തില്‍ പങ്കാളികളായി.
ഡിസംബറില്‍ പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തിലാണ് ഗ്രാമവാസികള്‍. സാധിക്കുമെങ്കില്‍ അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിനുതന്നെ പള്ളി ഉദ്ഘാടനം ചെയ്യാനും നാട്ടുകാര്‍ ആലോചിക്കുന്നു.












Click it and Unblock the Notifications