കോമണ്‍വെല്‍ത്ത് ഗെയിംസിന് ഞായറാഴ്ച തുടക്കം

പ്രധാന വേദിയായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങിന് ഗെയിംസിന്റെ ഔദ്യോഗിക ഗാനവുമായി എആര്‍ റഹ്മാന്‍ ചടങ്ങുകള്‍ക്ക് കൂടുതല്‍ മിഴിവേകും.
1951, 1982 ഏഷ്യന്‍ ഗെയിംസുകള്‍ക്കു ശേഷം ഇന്ത്യ ആതിഥ്യമരുളുന്ന രാജ്യാന്തര കായികമാമാങ്കമാണ് ഇത്. ഗെയിംസ് വില്ലേജില്‍ ശനിയാഴ്ചയെത്തിയ ക്വീന്‍സ് ബാറ്റണ്‍ ഉദ്ഘാടനച്ചടങ്ങിനു തൊട്ടുമുമ്പ് സ്‌റ്റേഡിയത്തിലെത്തിക്കും.
ക്വീന്‍സ് ബാറ്റണിലെ സ്വര്‍ണത്തകിടില്‍ ആലേഖനം ചെയ്ത എലിസബത്ത് രാജ്ഞിയുടെ സന്ദേശം ചാള്‍സ് രാജകുമാരന്‍ വായിക്കുന്നതോടെ ഗെയിംസിന് ഔദ്യോഗിക പ്രഖ്യാപനമാകും. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഗെയിംസ് ആരംഭിക്കാന്‍ അനുമതി നല്‍കും.
രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ജാക്വസ് റോഗ്, കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ അധ്യക്ഷന്‍ മൈക് ഫെനല്‍, ന്യൂസിലന്‍ഡ് ഗവര്‍ണര്‍ ജനറല്‍ സര്‍ ആനന്ദ് സത്യാനന്ദ്, മൊണാക്കോ രാജകുമാരന്‍ ആല്‍ബര്‍ട്ട്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ്, നൗറു പ്രസിഡന്റ് മാര്‍ക്കസ് സ്റ്റീഫന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളുടെ നിരയിലുണ്ട്.
71 രാജ്യങ്ങളില്‍നിന്നായി ഏഴായിരത്തോളം കായിക താരങ്ങള്‍ ഗയിംസിനെത്തിയിട്ടുണ്ട്. മാര്‍ച്ച് പാസ്റ്റില്‍ 619 അംഗ ഇന്ത്യന്‍ സംഘത്തിനു മുന്നില്‍ ബീജിങ് ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ദേശീയപതാക വഹിക്കും.
ബാറ്റണ്‍ റിലേയുടെ അവസാനപാദം മുന്‍കാല അത്‌ലറ്റുകള്‍ നിര്‍വഹിക്കുകയെന്ന പതിവ് ഇക്കുറി മാറും. ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാകും ഈ ദൗത്യം നിര്‍വഹിക്കുക.
ഉത്ഘാടനദിവസം അടുത്തുവരവെ ഗെയിംസ് ഒരുക്കങ്ങളിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ബഹിഷ്‌കരണഭീഷണി മുഴക്കിയെങ്കിലും രാജ്യങ്ങളെല്ലാം എത്തിയതോടെ സംഘാടകര്‍ക്ക് ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്. ദില്ലിയില്‍ കുറേ ദിവസങ്ങളായി പെയ്തിരുന്ന മഴമാറിയതും ഗെയിംസ് അധികൃതര്‍ക്ക് അനുഗ്രഹമായി.












Click it and Unblock the Notifications