ബിജെപി വഴി കോണ്‍ഗ്രസ് സൈറ്റിലേയ്ക്ക്
ദില്ലി : ബിജെപി വെബ്‌സൈറ്റില്‍ നിന്നും കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റിലേയ്ക്ക് ലിങ്ക്. സൈറ്റില്‍ കോണ്‍ഗ്രസ് കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് എഐസിസി നേതൃത്വത്തിന് ബിജെപി വക്കീല്‍ നോട്ടീസ് അയച്ചു.
ബിജെപിയുടെ സന്ദര്‍ശിക്കാന്‍ ശ്രമിക്കുന്നവരെ കോണ്‍ഗ്രസ് വെബ്‌സൈറ്റില്‍ എത്തിക്കാനായാണ് കോണ്‍ഗ്രസ് കൃത്രിമം കാണിച്ചിരിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.
അയോധ്യ വിധി ദിവസം ബിജെപിയുടെ ഔദ്യോഗിക സൈറ്റായ ബിജെപി ഡോട്ട് ഒആര്‍ജിയ്ക്ക് പകരം ബിജെപി ഡോട്ട് കോം എന്ന സൈറ്റില്‍ തെരഞ്ഞവരെയാണ് എഐസിസിയുടെ സൈറ്റിലേക്ക് റീഡയറക്ട് ചെയ്തത്.
ഏതാനും ദിവസങ്ങളായി ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഹിറ്റുകള്‍ കുറയുകയാണത്രേ. അയോധ്യ കേസില്‍ വിധി വന്ന ദിവസം അത് വളരെയേറെ കുറഞ്ഞപ്പോഴാണ് പാര്‍ട്ടി നേതൃത്വം ഇക്കാര്യം ശ്രദ്ധിച്ചത്.
അയോധ്യ വിധി വന്ന ദിവസം 40 ലക്ഷം ഹിറ്റുകളാണ് ബിജെപി ഡോട്ട് കോമിനിന്നും കോണ്‍ഗ്രസിന്റെ സൈറ്റിലേക്ക് വഴിതിരിഞ്ഞുപോയത്.
ബിജെപി ഡോട്ട് കോമിന്റെ ഉടമസ്ഥത ഭാരത് ജനതാ പ്രകാശന്‍ എന്ന സംഘടനയ്ക്കായിരുന്നു. ബിജെപി നേതൃത്വം വെബ്‌സൈറ്റ് ഒരുക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറിയപ്പെടാത്ത ഈ സംഘടന ബിജെപി ഡോട്ട് കോം എന്ന ഡൊമൈന്‍ സ്വന്തമാക്കിയിരുന്നു.
അടുത്തിടെ രഹസ്യമായി ഇത് ഒരാള്‍ വിലയ്ക്കുവാങ്ങി കോണ്‍ഗ്രസിന്റെ സൈറ്റുമായി ബന്ധപ്പെടുത്തി. അതോടെ ബിജെപി സൈറ്റ് ഡോട്ട് ഒആര്‍ജിയ്ക്ക് പകരം ഡോട്ട് കോം എന്ന് തെരയുന്നവര്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് സൈറ്റ് പ്രത്യക്ഷപ്പെട്ടു.
ഭാരതീയ ജേര്‍ണല്‍സ് ആന്‍ഡ് പബ്ലിഷേസ് ഡോട്ട് കോം എന്ന സൈറ്റ് കോണ്‍ഗ്രസ് അടുത്തിടെ ഒരു വിദേശിയുടെ കൈയ്യില്‍ നിന്ന് വാങ്ങിയതിനു പിന്നില്‍ ഗൂഡാലോചനയുണ്ട് എന്നാണ് ബിജെപി ആരോപിക്കുന്നത്. പാര്‍ട്ടിയുടെ സന്ദര്‍ശകരെ വഴിതെറ്റിക്കാന്‍ വേണ്ടിയാണ് ഇതെന്നും ബിജെപി ആരോപിച്ചു.
എന്നാല്‍, തങ്ങളുടെ വെബ് വിദഗ്ധര്‍ നോട്ടീസിനുള്ള മറുപടി നല്‍കുമെന്നും ബിജെപി നടത്തുന്ന വിലകുറഞ്ഞ പ്രചാരണമാണിതെന്നും എഐസിസി വൃത്തങ്ങള്‍ പ്രതികരിച്ചു.












Click it and Unblock the Notifications