വംശവെറി പടര്‍ത്തുന്ന മെയില്‍; ഇന്ത്യ പ്രതിഷേധിച്ചു
ദില്ലി: ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരെ വംശീയ വിദ്വേഷം വളര്‍ത്തുന്നവിധം ഇമെയില്‍ സന്ദേശം പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യ പ്രതിഷേധിച്ചു. ആസ്‌ത്രേലിയയുടെ ഹൈക്കമ്മിഷണര്‍ പീറ്റര്‍ വര്‍ഗീസിനെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തിയാണു സെക്രട്ടറി (ഈസ്റ്റ്) ലത റെഡ്ഡി പ്രതിഷേധം അറിയിച്ചത്.
ആസ്‌ത്രേലിയയിലെ പൊലീസ് പ്രചരിപ്പിച്ച ഈ ഇമെയില്‍ സന്ദേശത്തെ അവിടത്തെ സര്‍ക്കാര്‍ അപലപിക്കുകയാണെന്നും ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പീറ്റര്‍ വര്‍ഗീസ് വ്യക്തമാക്കി.
വിക്ടോറിയ സ്‌റ്റേറ്റ് പൊലീസ് ഇമെയിലിലൂടെ പ്രചരിപ്പിച്ച വീഡിയോയില്‍ ഇന്ത്യയിലെ തിരക്കേറിയ ഒരു ട്രെയിനിന്റെ മുകളില്‍ ഇരുന്ന് ഒരാള്‍ യാത്ര ചെയ്യുന്നതും വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിക്കുന്നതുമാണു കാണിച്ചിരുന്നത്.
ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഇത് മാര്‍ഗമാക്കാമെന്ന അടുക്കുറിപ്പോടെയാണ് മെയില്‍ പ്രചരിച്ചത്. ആസ്‌ത്രേലിയയില്‍ 2008 മുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടന്നുവരികയാണ്.
അതിനിടയിലാണു പുതിയ ഇമെയില്‍ വിവാദം.ഇന്ത്യന്‍ വംശജര്‍ക്കെതിരെ ഈ വിധത്തില്‍ വിദ്വേഷം വളര്‍ത്തുന്ന നടപടി നിയമസംരക്ഷകര്‍ തന്നെ നടത്തുന്നത് അതീവ ഗൌരവതരമാണെന്നു പീറ്റര്‍ വര്‍ഗീസിനെ ഇന്ത്യ അറിയിച്ചു.
ഈ ഇമെയിലുകള്‍ തികച്ചും അസ്വാസ്ഥ്യമുണ്ടാക്കുന്നതും മുറിവേല്‍പ്പിക്കുന്നവയും കുറ്റകരവുമാണെന്നു വിക്ടോറിയ പൊലീസ് ചീഫ് കമ്മിഷണര്‍ സൈമണ്‍ ഓവര്‍ലന്‍ഡ് പറഞ്ഞു. മൂന്നു പൊലീസ് സൂപ്രണ്ടുമാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.












Click it and Unblock the Notifications