ഭരണം പിടിക്കാന്‍ കൂടോത്രവും ദുര്‍മന്ത്രവാദവും
ബാംഗ്ലൂര്‍: ഒരാഴ്ച നീണ്ട വിമതനീക്കത്തിനും കളംമാറിക്കളിക്കുമിടയില്‍ കര്‍ണാടകിയില്‍ പുറത്തായത് ചീഞ്ഞളിഞ്ഞ രാഷ്ട്രീയക്കളികള്‍ .
ബിജെപിയും ജനതാദളും പരസ്പരം കൂടോത്രം ചെയ്തുവെന്ന് ആരോപിക്കുകയാണ്. ഭരണ സിരാകേന്ദ്രമായ വിധാന്‍സൌധ പരിസരത്തു നിന്നു രണ്ടു ദിവസം മുന്‍പു കോഴിത്തലയും കുങ്കുമവും കുമ്പളങ്ങയും കണ്ടെടുത്തതിന് പിന്നാലെ ഞായറാഴ്ച ബിജെപി ഓഫിസ് പരിസരത്തു നിന്നു കുറുക്കന്റെ വാലും തോലും എല്ലുമായി രണ്ടു പേരെ വനം അധികൃതര്‍ അറസ്റ്റു ചെയ്തു.
ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളാണിതെന്ന് ആരോപണമുണ്ട്. ഇതോടെ രാഷ്ട്രീയക്കളിയില്‍ ദുര്‍മന്ത്രവാദം വരെ ആയുധമാക്കുന്ന തരംതാഴ്ന്ന രീതിയ്ക്ക് കര്‍ണാടകവും സാക്ഷിയായിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീ്‌സ് പറഞ്ഞു.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചു ഭരണം പിടിച്ചടക്കാന്‍ ദുര്‍മന്ത്രവാദം മാത്രമേയുള്ളുവെന്ന മട്ടിലായിരുന്നു ഇരുകൂട്ടരുടെയും നീക്കങ്ങള്‍. കഴിഞ്ഞ ദിവസം വിധാന്‍സൌധ പരിസരത്തു നിന്നു കുങ്കുമം പുരണ്ട കോഴിത്തലയും ചുണ്ണാമ്പു പുരണ്ട ആണിയുമൊക്കെ കണ്ടെത്തിയപ്പോള്‍ ജനതാദള്‍ എസിനെതിരെ ഭരണപക്ഷമായ ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.
അധികാരക്കസേരയില്‍ കടിച്ചുതൂങ്ങാനായി ബിജെപി കണ്ടെത്തിയ കുറുക്കുവഴിയാണിതെന്നു ജനതാദള്‍ എസ് തിരിച്ചും പഴിചാരിയിരുന്നു.
ഇതിനിടെ മുതിര്‍ന്ന നിയമസഭാ അംഗങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് ഞായറാഴ്ച വിധാന്‍സൌധയ്ക്കു ചുറ്റും മഞ്ഞള്‍ കലക്കിയ വെള്ളം തളിച്ചു ശുദ്ധിവരുത്തിയിരുന്നു. ജോത്സ്യന്മാരുടെ നിര്‍ദേശപ്രകാരം നിയമസഭയുടെ പ്രധാന ഗേറ്റ് രണ്ടു ദിവസമായി അടച്ചിട്ടിരിക്കുകയാണ്.
ദുഷ്ടശക്തികളെ തടയുന്നതിനാണ് ഇതെന്നാണു നിയമസഭ സുരക്ഷാ അധികൃതരുടെ ഭാഷ്യം. എന്നാല്‍ സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്നു പൊലീസ് വിശദീകരിക്കുന്നു. വിധാന്‍സൌധ ജീവനക്കാര്‍ക്ക് ഈ ദിവസങ്ങളില്‍ പിന്‍വാതിലിലൂടെയായിരുന്നു പ്രവേശനം.












Click it and Unblock the Notifications