ഭാര്യയുടെ നഗ്നചിത്രം; ഭര്‍ത്താവ് ജീവനൊടുക്കി
ചവറ(കൊല്ലം): ഇന്റര്‍നെറ്റില്‍ ഭാര്യയുടെ നഗ്‌നചിത്രം പ്രചരിച്ചതിനെത്തുടര്‍ന്ന അപമാനഭാരം താങ്ങാന്‍ കഴിയാതെ ഗൃഹനാഥന്‍ മകളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി.
ചവറ പുതുക്കാട് പുത്തന്‍വീട്ടില്‍ ജി. മനോഹരന്‍ (45)ആണ് മകള്‍ മോനിഷ(12)യെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്.
തന്റെ ഭാര്യയെ അയല്‍വാസികളായ ഏതാനുംപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നും ഭാര്യയുടെ നഗ്‌നഫോട്ടോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെന്നും സുഹൃത്തിന്റെ വീട്ടില്‍ ഈ ദൃശ്യങ്ങള്‍ കാണാന്‍ കഴിഞ്ഞെന്നും മനോഹരന്റെ മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
സംഭവത്തെച്ചൊല്ലി തന്നെ പലരും കളിയാക്കി. തന്മൂലം മകളെ കൊലപ്പെടുത്തിയശേഷം താന്‍ ആത്മഹത്യചെയ്യുകയാണെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി 2 മണിയോടെയാണ് മനോഹരന്‍ മകളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് ആശുപത്രിയില്‍ കഴിയുന്ന സഹോദരിക്ക് ഭക്ഷണവുമായി മകളോടൊപ്പം വീട്ടില്‍ നിന്ന് പോയതാണ്. രാത്രി വൈകിയാല്‍ കാത്തിരിക്കേണ്ടെന്ന് ഭാര്യയോടും അമ്മയോടും പറഞ്ഞിരുന്നുവത്രേ.
രാത്രി 10 മണി കഴിഞ്ഞിട്ടും അച്ഛനെയും മകളെയും കാണാതിരുന്നതിനെത്തുടര്‍ന്ന് ഭാര്യ ഉറങ്ങാന്‍ കിടന്നു. രാത്രി 2 മണി കഴിഞ്ഞ് പട്ടി കുരയ്ക്കുന്നതുകേട്ട് അവര്‍ ഉണര്‍ന്നുനോക്കിയെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടില്ല.
പിന്നീട് ഞായറാഴ്ച പുലര്‍ച്ചെ എഴുന്നേറ്റപ്പോഴാണ് മനോഹരന്‍ ചായ്പില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. പൊലീസെത്തി മൃതദേഹം പരിശോധിച്ചപ്പോള്‍ ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് മോനിഷ കിണറ്റിലുണ്ടെന്ന് മനസിലായത്.












Click it and Unblock the Notifications