ഖനിയില്‍ നിന്നും 33പേരും പുറത്തെത്തി
ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനമാണ് ഇതോടെ പൂര്‍ത്തിയായത്. ഖനിയില്‍ മണ്ണിടിഞ്ഞ് 2,047 അടിയോളം താഴ്ചയില്‍ കഴിഞ്ഞ 69 ദിവസമായി മരണം മുന്നില്‍ക്കണ്ടു കഴിയുകയായിരുന്ന 33 തൊഴിലാളികളെയാണ് പുറത്തെത്തിച്ചിരിക്കുന്നത്.
ലോകത്തിന്റെ പ്രാര്‍ത്ഥനയും ചിലി അധികൃതരുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള രക്ഷാപ്രവര്‍ത്തനവുമാണ് 33 പേരുടെ രക്ഷയ്ക്ക് തുണയായത്.
പ്രാര്‍ഥനയും ഉദ്വേഗവുമായി കാത്തിരുന്ന ലോകത്തിനുമുന്നിലേക്ക് ബുധനാഴ്ച രാവിലെ ഇന്ത്യന്‍ സമയം 8:40:34ന് ഫ്ലോറന്‍ഷ്യോ അവാലസാണ് ആദ്യമെത്തിയത്. രണ്ടാമതെത്തിയ മരിയോ സെപുല്‍വേദ പറഞ്ഞത് ഇങ്ങനെ -ദൈവത്തിനും ചെകുത്താനുമൊപ്പമായിരുന്നു ഞങ്ങള്‍. ഒടുവില്‍ ദൈവം കൈപിടിച്ചു കയറ്റി',
ഖനിയില്‍ നിന്നു പുറത്തെത്തിച്ച ശേഷം തൊഴിലാളികളെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. ഏതാനും പേര്‍ക്ക് ദന്തരോഗവും ചിലര്‍ക്ക് കാഴ്ചക്കുറവും അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഒരാള്‍ക്കു ന്യൂമോണിയയും പിടിപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കു അടിയന്തര ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി ജെയിം മനാലിച്ച് അറിയിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും സാഹസികവും കാലദൈര്ഘ്യവുമെടുത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനം ലോകത്തിനു മുമ്പില്‍ ചിലിയുടെ മുഖഛായ തന്നെ മാറ്റിയെന്ന് പ്രസിഡന്റ് പിനേറ പറഞ്ഞു.