ബ്രിട്ടനില്‍ ഇന്ത്യക്കാരന് നേരെ വംശീയാക്രമണം
ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡില്‍ ഇന്ത്യക്കാരനെ വംശീയമായി അധിക്ഷേപിക്കുകയും മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. 21 കാരനായ പങ്കജ് റാവത്താണ് അഞ്ചംഗ സംഘത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. എഡിന്‍ബറിലെ ഒരു കടയില്‍ ജോലിക്കാരനായ റാവത്ത് രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുംവഴിയാണ് സംഭവം നടന്നത്. മര്‍ദ്ദനത്തില്‍ റാവത്തിന്റെ താടിയെല്ല് തകര്‍ന്നു.
വേവറ്‌ലി പാലത്തിന് സമീപം ഒരു സ്ത്രീയെ ബലമായി ചുംബിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് റാവത്തിന് മര്‍ദ്ദനമേറ്റത്. സഹായത്തിനായി അഭ്യര്‍ത്ഥന നടത്തിയ സ്ത്രീയെ വെറുതെ വിടാന്‍ പങ്കജ് ആവശ്യപ്പെട്ടു. എന്നാല്‍, അഞ്ചംഗ അക്രമി സംഘം വംശീയമായി അധിക്ഷേപിച്ചുകൊണ്ട് പങ്കജിനെ ആക്രമിക്കുകയായിരുന്നു. വംശീയമായി പലതും വിളിച്ച് അധിക്ഷേപിച്ച സംഘം റാവത്തിനെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തു.
ആക്രമണത്തില്‍ അവശനായി വഴിയരുകില്‍ കിടന്ന പങ്കജിനെ ആംബുലന്‍സ് എത്തിച്ചാണ് ആശുപത്രിയിലാക്കിയത്. 18-20 വയസ്സ് പ്രായമുള്ളവരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന് പങ്കജ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പരിക്ക് ഭേദമാകാന്‍ നാലാഴ്ചത്തെ വിശ്രമമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആക്രമണത്തില്‍ തകര്‍ന്ന താടിയെല്ല് ലോഹ പാളി ഉപയോഗിച്ചാണ് ഇപ്പോള്‍ യോജിപ്പിച്ചിരിക്കുന്നത്.
മര്‍ദനത്തിനും അധിക്ഷേപത്തിനും പുറമേ റാവത്തിന് ആകെയുണ്ടായിരുന്ന ജോലിയും ഇപ്പോള്‍ നഷ്ടപ്പെട്ടു. നാലാഴ്ച അവധി നല്‍കാനാകില്ലെന്ന് പറഞ്ഞാണ് കടയുടമ റാവത്തിനെ പിരിച്ചുവിട്ടത്.












Click it and Unblock the Notifications