വിദ്യാര്‍ഥികളുടെ തലയെണ്ണല്‍ പൊലീസിന്
കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ തലയെണ്ണലിലെ കൃത്രിമം തടയാന്‍ പൊലീസ് വിദ്യാര്‍ഥികളുടെ കണക്കെടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ പൊലീസ് രേഖപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായര്‍, പി എസ് ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ പൊലീസ് അന്വേഷണം നടത്തണം.ഈ അധ്യയന വര്‍ഷം തന്നെ കണക്കെടുപ്പു പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. തൃശൂര്‍ തളിക്കുളം എസ്എന്‍വി യുപി സ്‌കൂളിന്റെ പിടിഎ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് നടപടി.
2008-09 അധ്യയന വര്‍ഷത്തില്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം കാണിച്ചതു യഥാര്‍ഥമല്ലെന്നു ഡിപിഐ സൂപ്പര്‍ സെല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റാഫ് ഫിക്‌സേഷനില്‍ കുറവു വരുത്തിയതാണു ഹര്‍ജിയിലെ തര്‍ക്കവിഷയം.
ഡിപിഐ സൂപ്പര്‍ സെല്ലിന്റെ വിലയിരുത്തല്‍ ശരിയല്ലെന്നു തര്‍ക്കമായപ്പോള്‍ കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടി. എണ്ണം തികയ്ക്കുന്നതിന് മറ്റു സ്‌കൂളുകളില്‍നിന്ന് വിദ്യാര്‍ഥികളെ തലയെണ്ണലില്‍ പങ്കെടുപ്പിക്കുന്നുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കുട്ടികളുടെ വിരലടയാളമോ ചിത്രമോ പൊലീസ് സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. തലയെണ്ണല്‍ ദിവസം മറ്റു മാര്‍ഗങ്ങളിലൂടെ വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ ഹാജരാക്കുന്നതിനെ ഗൌരവത്തോടെ കാണണമെന്നും ഇത് സര്‍ക്കാരിന് സാമ്പത്തികനഷ്ടം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടിന് കാരണമാവുമെന്നും കോടതി വിലയിരുത്തി.












Click it and Unblock the Notifications