ഐസിയുവില്‍ പീഡനം: ഡോക്ടര്‍ അറസ്റ്റില്‍
മുംബൈ: അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തതായി ആരോപണം. മുംബൈയിലെ ലോട്ടസ് ആശുപത്രിയിലാണ് സംഭവം.
മുപ്പതുകാരിയായ യുവതിയാണ് പീഡനത്തിനിരയായതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിശാല്‍ ബെയ്ന്‍(26) എന്ന ഡോക്ടറെ പൊലീസ് അറസ്റ്റു ചെയ്തു.
ശനിയാഴ്ച രാത്രിയാണ് അബോധാവസ്ഥയില്‍ യുവതി ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടത്. നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കവെ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതിയ്ക്ക് ബോധം തിരിച്ചുകിട്ടിയിരുന്നു. കുറച്ച് നേരത്തിന് വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് യുവതിയെ ഐസിയുവിലേക്ക് മാറ്റി.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഐസിയുവിലെത്തിയ ഡോക്ടര്‍ വിശാല്‍ ശരീരപരിശോധനയ്ക്കായി യുവതിയോട് വസ്ത്രങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ശക്തിയേറിയ മരുന്ന് കുത്തിവെച്ചതോടെ യുവതി അബോധാവസ്ഥയിലായി. ഈ അവസരം മുതലെടുത്താണ് വിശാല്‍ ഇവരെ പീഡിപ്പിച്ചത്. സംഭവത്തെക്കുറിച്ച് യുവതി പിന്നീട് ഭര്‍ത്താവിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications