വിമതരുടെ ഹര്‍ജി: ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത
ബാംഗ്ലൂര്‍: കര്‍ണാടകയിലെ 11 ബിജെപി എംഎല്‍എമാരെ കൂറുമാറ്റ നിയമപ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയ കേസില്‍ വിധി പറയുന്നത് കര്‍ണാടക ഹൈക്കോടതി മാറ്റിവച്ചു. ജഡ്ജിമാര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസം കാരണം കേസ് വിധി പറയുന്നതിന് മറ്റൊരു ബഞ്ചിന് വിടാനും കോടതി തീരുമാനിച്ചു.
വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ കര്‍ണാടക ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ അനുകൂലിച്ചു. എന്നാല്‍ ജസ്റ്റിസ് എന്‍ കുമാര്‍ സ്പീക്കറുടെ നടപടി ശരിയല്ലെന്ന് വിധിച്ചു. ഇതോടെയാണ് കേസ് രണ്ടാമതൊരു ബഞ്ചിന് വിട്ടത്. 20ന് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, അയോഗ്യത കല്‍പിച്ചതിനെതിരെ അഞ്ചു കക്ഷിരഹിതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതു കോടതി 22ലേക്കു മാറ്റി.
പതിനാറ് വിമതരെ അയോഗ്യരാക്കിയതോടെ സഭയുടെ അംഗബലം 208 ആയി കുറയുകയും ബിജെപി സര്‍ക്കാര്‍ 105 എംഎല്‍എമാരുടെ പിന്തുണയോടെ രണ്ടാമതും വിശ്വാസവോട്ട് നേടുകയും ചെയ്തിരുന്നു. എന്നാല്‍, അയോഗ്യരാക്കിയ സാമാജികര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി വന്നാല്‍ മാത്രമേ വിശ്വാസവോട്ടിന് അംഗീകാരം ലഭിക്കുകയുള്ളൂ.
എന്നാല്‍ രണ്ടാമതു നടന്ന വിശ്വാസ വോട്ടെടുപ്പിന്റെ ഫലം കോടതിയില്‍ നിന്നുള്ള അന്തിമ വിധിക്കനുസൃതമായിട്ടായിരിക്കുമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചട്ടവിരുദ്ധ നടപടികളിലൂടെ സ്പീക്കര്‍ തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നാണു ഹര്‍ജികളിലെ പ്രധാന ആരോപണം.












Click it and Unblock the Notifications