ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന
മുംബൈ: മുസ്ലീം സ്ത്രീകള്‍ ഉപയോഗിക്കുന്ന ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് വിവാദമായേക്കാവുന്ന പുതിയ ആവശ്യം സേന ഉന്നയിച്ചിരിക്കുന്നത്.
ബുര്‍ഖയുടെ മറവില്‍ കുട്ടികളെ മോഷ്ടിക്കുകയാണങ്കില്‍ നിയമം അനുസരിച്ച് അത് നിരോധിക്കപ്പെടണമെന്ന് മുഖപ്രസംഗത്തിലുണ്ട്.
ഒക്ടോബര്‍ 15 ന് സബര്‍ബന്‍ സാന്താക്രൂസില്‍ ബുര്‍ഖ ധരിച്ച അജ്ഞാത സ്ത്രീ രണ്ട് മാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളിലൊന്നിനെ തട്ടിയെടുത്തിരുന്നു. ഇതിനെ പരാമര്‍ശിച്ചാണ് പുതിയ ആവശ്യം.
ഫ്രാന്‍സിലെ ബുര്‍ഖ നിരോധനത്തെ പ്രശംസിക്കുന്ന മുഖപ്രസംഗം ഇക്കാര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് സ്വീകരിച്ച നിലപാടിനെ വിപ്ലവകരമെന്നാണ് വിശേഷിപ്പിയ്ക്കുന്നത്. തുര്‍ക്കിയില്‍ കമാല്‍ പാഷ ബുര്‍ഖ നിരോധിച്ചപ്പോള്‍ ഒരു മുസ്‌ലീം രാജ്യവും പ്രതിഷേധിച്ചില്ല. പിന്നെ എന്താണ് ഇന്ത്യയില്‍ പ്രശ്‌നമെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
മുംബൈ സര്‍വകലാശാലയുടെ ബിഎ സിലബസ്സില്‍ നിന്നും ബുക്കര്‍ പ്രൈസിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട രോഹിന്‍ടണ്‍ മിസ്ട്രിയുടെ 'സച്ച് എ ലോങ് ജേര്‍ണി' എന്ന പുസ്തകം പിന്‍വലിയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സംഘപരിവാര്‍ പാര്‍ട്ടികളെ മോശമായി ചിത്രീകരിയ്ക്കുന്നുവെന്നാരോപിച്ചാണ് ശിവസേന പുസ്തകത്തിനെതിരെ രംഗത്തെത്തിയിരുന്നത്.


Click it and Unblock the Notifications