ദേശീയപാത: സ്ഥലമേറ്റെടുക്കല്‍ ഉടന്‍
തിരുവനന്തപുരം: ദേശീയപാത പ്രശ്നം അങ്ങനെ അവസാനിയ്ക്കുന്നു. 45 മീറ്റര്‍ വീതി എന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന വൈകാതെ തന്നെ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങും.
ഏറ്റെടുക്കുന്ന സ്ഥലത്തിന് വിപണിവില നല്‍കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിച്ചു. സംസ്ഥാനത്തിന്റെ പുനരധിവാസ പാക്കേജും അംഗീകരിക്കാമെന്ന ഉറപ്പുലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സ്ഥലമെടുപ്പ് തുടങ്ങാനുള്ള നടപടികള്‍ക്ക് കഴിഞ്ഞ മന്ത്രിസഭായോഗം തുടക്കം കുറിച്ചു.
നഷ്ടപരിഹാര-പുനരധിവാസ പാക്കേജ് ദേശീയപാത വികസനത്തിനും നല്‍കാന്‍ സമ്മതമാണെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍റ് ഹൈവേ സെക്രട്ടറി ആര്‍.എസ്.ഗുജ്‌റാള്‍ അറിയിച്ചത്. കേന്ദ്രത്തിന്റെ ഈ നിര്‍ദ്ദേശം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി എം.വിജയകുമാര്‍ കേന്ദ്രമന്ത്രിയെക്കണ്ട് ചര്‍ച്ചനടത്തിയിരുന്നു. മന്ത്രാലയ അധികൃതര്‍ കേരളത്തിലെത്തി മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. തുടര്‍ന്നാണ് ഈ തീരുമാനം ഉണ്ടായത്.
ലോകബാങ്ക് സഹായത്തോടെയുള്ള കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന് (കെ.എസ്.ടി.പി) അതിവേഗ സ്ഥലമെടുക്കല്‍ രീതിയില്‍ വിലപേശലിലൂടെയാണ് സ്ഥലം ഏറ്റെടുത്തത് . പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സ്ഥലമെടുപ്പ് തുടങ്ങും.
സ്ഥലത്തെ എം.എല്‍.എ മാരും പഞ്ചായത്ത് പ്രസിഡന്‍റുമാരും ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടങ്ങിയ സമിതി ആയിരിയ്ക്കും സ്ഥലത്തിന്റെ വില നിശ്ചയിയ്ക്കുക. സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ ചുമതല ആര്‍ഡിഒ മാര്‍ക്കായിരിയ്ക്കും. കളക്ടര്‍മാരാണ് അപ്പലേറ്റ് അതോറിറ്റി.












Click it and Unblock the Notifications