'കീപ്പ്' പ്രയോഗം: അഭിഭാഷക കോടതിയോട് കയര്‍ത്തു

വെപ്പാട്ടി എന്നര്‍ത്ഥം വരുന്ന കീപ്പ് എന്ന ഇംഗ്ലീഷ് വാക്കാണ് വിധിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ലിംഗവിവേചനപരംകൂടിയായ ഇത്തരം പരാമര്‍ശം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീയ്‌ക്കെതിരെ പരമോന്നത കോടതി ഉപയോഗിച്ചത് ഉചിതമായില്ലെന്ന് പറഞ്ഞ ഇന്ദിര കോടതിയില്‍ പൊട്ടിത്തെറിച്ചു.
സമൂഹം അംഗീകരിച്ച, വിവാഹസ്വഭാവമുള്ള ബന്ധങ്ങളില്‍ ഒപ്പം ജീവിച്ച സ്ത്രീക്കു മാത്രമേ ഗാര്‍ഹിക പീഡന നിയമ വ്യവസ്ഥകള്‍ പ്രകാരം പുരുഷനില്‍നിന്നു ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്നു സുപ്രീം കോടതി വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമര്‍ശം ഉള്‍പ്പെട്ടത്.
തീര്‍ത്തും അനുചിതമായ 'വെപ്പാട്ടി' പ്രയോഗം ഉത്തരവില്‍നിന്നു നീക്കം ചെയ്യണമെന്ന് ഈ ഉത്തരവു പുറപ്പെടുവിച്ച ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കാട്ജു, ടി.എസ്. താക്കൂര്‍ എന്നിവരുടെ ബെഞ്ച് മുമ്പാകെ ഇന്ദിരാ ജയ്‌സിംഗ് ആവശ്യപ്പെട്ടു.
ഈ പരാമര്‍ശം നീക്കുന്നതിന് അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും ഈ ബെഞ്ചിനു മുന്നില്‍ ഹാജരാകാന്‍ താല്‍പര്യമില്ലെന്നും അവര്‍ തുറന്നടിച്ചു.
ഇതേത്തുടര്‍ന്ന് നിലവില്‍ പരിഗണിക്കുന്ന കേസില്‍ മാത്രമായി സംസാരം ഒതുക്കാന്‍ ഇന്ദിരയ്ക്കു ജസ്റ്റിസ് കാട്ജു നിര്‍ദേശം നല്‍കി. വിവാദ പരാമര്‍ശത്തിനു പകരമായി ഉപയോഗിക്കാന്‍ മെച്ചപ്പെട്ട പദങ്ങളുണ്ടെങ്കില്‍ നിര്‍ദേശിക്കാന്‍ ജസ്റ്റിസ് താക്കൂര്‍ ആവശ്യപ്പെട്ടു.
വിവാദ പരാമര്‍ശത്തോടു മാത്രമാണു തനിക്ക് എതിര്‍പ്പെന്ന് ഗാര്‍ഹിക പീഡന നിയമനിര്‍മാണത്തിന്റെ അണിയറപ്രവര്‍ത്തക കൂടിയായ ഇന്ദിര വിശദീകരിച്ചു.












Click it and Unblock the Notifications