4ലക്ഷം രഹസ്യരേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു
ലണ്ടന്‍: ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട് നാലുലക്ഷത്തോളം രഹസ്യരേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യരേഖ ചോര്‍ത്തല്‍ എന്നാണിതിനിനെ വിക്കിലീക്‌സ് വിശേഷിപ്പിയ്ക്കുന്നത്.
ഇറാഖിലെ യുദ്ധതടവുകാരെ മര്‍ദ്ദിക്കുന്നതും അവരോട് മോശമായി പെരുമാറുന്നതുമായി ബന്ധപ്പെട്ടരേഖകളും വിക്കിലീക്‌സ് വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ രേഖകളുടെ ആധികാരികത സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിക്കിലീക്‌സ് തയ്യാറായിട്ടില്ല.
ചോര്‍ച്ചയുടെ അനന്തരഫലം നിര്‍ണയിക്കാനായി 120 പേരുടെ ഉന്നതതല വിദഗ്ധ സംഘത്തെ യുഎസ് ഭരണകൂടം നേരത്തെ നിയമിച്ചിരുന്നു. ഇതിന് പുറമെ വിക്കിലീക്ക്‌സ് പുറത്തുവിടുന്ന രേഖകള്‍ പ്രസിദ്ധീകരിയ്ക്കരുതെന്ന് യുഎസ് അധികൃകര്‍ നേരത്തെ മുഖ്യധാരാ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.
ഇതിന് മുമ്പ് അഫ്ഗാനിസ്താനില്‍ യുഎസ് സഖ്യസേന നടത്തിയ അതിക്രമങ്ങളെക്കുറിച്ചുള്ള ഒരു ലക്ഷത്തോളം രഹസ്യരേഖകള്‍ പുറത്തുവിട്ടിരുന്നു. യുഎസ് സൈനികനടപടിയുടെ ഭാഗമായി ഒട്ടെറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന്റെ ആരും അറിയാതിരുന്ന വിവരങ്ങള്‍ അന്ന് പുറത്തായിരുന്നു.
ആസ്‌ത്രേലിയക്കാരനായ ജൂലിയന്‍ അസ്സന്‍ജ് 2007 ജനവരിയിലാണ് വിക്കിലീക്‌സ് സ്ഥാപിച്ചത്. ഇതുവരെ 12 ലക്ഷം രഹസ്യരേഖകള്‍ ഈ വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications