കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ ഹര്‍ത്താല്‍; കനത്ത സുരക്ഷ

  • By Lakshmi
Google Oneindia Malayalam News

കണ്ണൂര്‍: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് നടന്ന ശനിയാഴ്ചയുണ്ടായ അകമങ്ങളുടെ തുടര്‍ച്ചയായി കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ പൊലീസിനു നേരെ ബോംബേറ്.

കണ്ണൂരിലെ തന്നെ പാനൂരിലും കോഴിക്കോട് ജില്ലയിലെ നാദാപുരത്തും ബോംബേറുകളുണ്ടായി. കൂത്തുപറമ്പില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനു വെട്ടേറ്റു. പ്രശ്‌നങ്ങള്‍ക്കു പിന്നാലെ കണ്ണൂര്‍ ജില്ലയിലും മാഹിയിലും സംഘപരിവാര്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച നടക്കുന്ന റീപോളിങ്ങിനെ ഇതു ബാധിക്കില്ലെന്നു കലക്ടര്‍ വി.കെ. ബാലകൃഷ്ണന്‍ അറിയിച്ചു.

ഇരിട്ടിയിലെ ബോംബേറില്‍ ഡിവൈഎസ്പി: പ്രജീഷ് തോട്ടത്തില്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ നാസര്‍ പൊയിലന്‍, എം.ജെ. ബെന്നി, കോണ്‍സ്റ്റബിള്‍ രാജീവന്‍ എന്നിവര്‍ക്കു സാരമായി പരുക്കേറ്റു. ബിജെപി പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്നു പൊലീസ് പറഞ്ഞു.

ഡിവൈഎസ്പി ഒരു റൗണ്ട് അക്രമികള്‍ക്കു നേരെയും മൂന്നു റൌണ്ട് ആകാശത്തേക്കും വെടിവച്ചു. ബോംബെറിഞ്ഞ അക്രമികള്‍ സഞ്ചരിച്ച ജീപ്പ് പൊലീസ് പിടികൂടി. ജീപ്പില്‍നിന്ന് അഞ്ചു വാളുകളും ഒരു മഴുവും കണ്ടെടുത്തു. അക്രമികള്‍ക്കു നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.

കുന്നോത്ത് 29ാം മൈലില്‍ ഉച്ചയോടെ കണ്ണൂര്‍ ജില്ലാ ആര്‍എസ്എസ് കാര്യവാഹക് കെ. സജീവന്റെ വാഹനം ആക്രമിച്ചു തകര്‍ത്തതാണു പ്രശ്‌നങ്ങളുടെ തുടക്കം. നൂറോളം സിപിഎമ്മുകാര്‍ ആക്രമിച്ചെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആരോപണം.

നേതാക്കള്‍ അടുത്തുള്ള കുന്നില്‍ അഭയം തേടിയെങ്കിലും ഒരു സംഘം ഇവരെ വളഞ്ഞു. നൂറു കണക്കിന് ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍ ഇരിട്ടിയിലെത്തിയതോടെ സംഘര്‍ഷാവസ്ഥയായി. സജീവന്‍ മോചിതനായ ശേഷം പ്രവര്‍ത്തകര്‍ മടങ്ങുമ്പോഴാണു ബോംബേറുണ്ടായത്.

ആര്‍എസ്എസുകാരുടെ ജീപ്പില്‍ ആയുധങ്ങളുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഇരിട്ടി പാലത്തിനു സമീപം പൊലീസ് കൈകാട്ടിയെങ്കിലും നിര്‍ത്തിയില്ല. പിന്തുടര്‍ന്ന പൊലീസ് ജീപ്പ് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു.

പൊലീസുകാര്‍ ചാടിയിറങ്ങി പിന്തുടര്‍ന്നപ്പോഴാണ് നാലു തവണ ബോംബെറിഞ്ഞത്. പാനൂരില്‍ ബസ് ഷെല്‍ട്ടറിനു നേരെയുള്ള ബോംബേറില്‍ മുന്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ തൈപ്പറമ്പത്തു രാജന്റെ ഭാര്യ ശ്യാമള (38), കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തട്ടാന്റെപറമ്പത്ത് പ്രകാശന്‍ (31) എന്നിവര്‍ക്കാണു പരുക്ക്. സിപിഎം പ്രവര്‍ത്തകരാണു ബോംബെറിഞ്ഞതെന്നു കോണ്‍ഗ്രസ് പരാതി നല്‍കി.

കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ വാഴയില്‍ ബഷീറിനാണ് രാത്രി വെട്ടേറ്റത്. കണ്ണൂരില്‍ ശനിയാഴ്ചത്തെ 40 അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് 16 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ഒരാള്‍ കസ്റ്റഡിയിലുണ്ട്. പലയിടത്തും വനിതാ സ്ഥാനാര്‍ഥികളടക്കം പരുക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X