എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി
കൊച്ചി: കൊച്ചിയില്‍നിന്ന് ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനം പക്ഷിയിടച്ചതിനെത്തുടര്‍ന്ന് നെടുമ്പാശേരിയില്‍ തിരിച്ചിറക്കി.
യാത്രക്കാരെ സുരക്ഷിതരാണെന്നും ഇവരെ ഹോട്ടലുകളിലേയ്ക്ക് മാറ്റിയിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. 160 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ബുധനാഴ്ച അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 7.20ന് കൊച്ചിയില്‍ നിന്നു ഷാര്‍ജയിലേക്കു പുറപ്പെട്ട ജി 9426 വിമാനമാണ് 8.15ന് തിരിച്ചിറക്കിയത്. വിമാനം പുറപ്പെട്ട് 15 മിനിറ്റോളം പറന്ന ശേഷമാണ് വിമാനത്തിനു കുറുകെ പറന്ന പക്ഷിക്കൂട്ടങ്ങളില്‍ ചിലത് എന്‍ജിനില്‍ കുടുങ്ങിയത്. തുടര്‍ന്നു പറക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ സംഘങ്ങളും ഫയര്‍ യൂണിറ്റും മറ്റു സുരക്ഷാ വിഭാഗങ്ങളും സജ്ജമായി. വിമാനത്തിലെ ഇന്ധനം പരമാവധി കത്തിച്ചു കളയുന്നതിനു കുറച്ചുനേരം വട്ടമിട്ടു പറന്നതിനു ശേഷമാണ് ഇറക്കിയത്.












Click it and Unblock the Notifications