ലീഗുമായി സഹകരണത്തിന് തയാറെന്ന് പിഡിപി
കൊല്ലം: മുസ്ലീം ലീഗുമായി സഹകരണത്തിന് തയ്യാറാണെന്ന് പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. അബ്ദുള്‍ നാസര്‍ മഅദനിയെ സ്‌നേഹിക്കുന്നവരുടെ വോട്ട് ലഭിച്ചതു കൊണ്ടാണ് യുഡിഎഫ് വന്‍വിജയം നേടിയതെന്നും പൂന്തുറ സിറാജ് പറഞ്ഞു.
ലീഗിന്റെ സ്വാധീനം മലപ്പുറത്തു മാത്രമല്ല, മറ്റു ജില്ലകളില്‍ കൂടി വ്യാപിപ്പിക്കണമെന്നുണ്ടെങ്കില്‍ അവര്‍ പ്രവര്‍ത്തനശൈലി മാറ്റണം. ലീഗിനെ മുഖ്യശത്രുവായി പിഡി.പി കണ്ടിട്ടില്ല. യോജിക്കാവുന്ന കാര്യങ്ങളിലെല്ലാം യോജിക്കണമെന്നാണ് തന്റെ സമീപനം. എന്നാല്‍ അവര്‍ തങ്ങളെ എങ്ങിനെയാണ് കാണുന്നതെന്ന് അറിയില്ല.
എല്‍ഡിഎഫും സര്‍ക്കാരും പിഡിപിയോട് നീതികാണിച്ചില്ല. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മദനിയെ ഉള്‍പ്പെടുത്തിയതും സുപ്രീംകോടതിയില്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മിനിറ്റുകള്‍ക്കു മുന്‍പ് മദനിയെ അറസ്റ്റ് ചെയ്തതും ഇടതു സര്‍ക്കാരാണ്. ഇതില്‍ മനംനൊന്ത പിഡിപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മദനി സ്‌നേഹികള്‍ വ്യാപകമായി യുഡിഎഫിന് വോട്ടു ചെയ്തതാണ് ഇടതിന് വന്‍തിരിച്ചടി നേരിടാന്‍ കാരണമെന്നും സിറാജ് പറഞ്ഞു.












Click it and Unblock the Notifications