ബ്ലാക്ക്ബെറിയ്ക്ക് പകരം ഇതാ ഭാരത്ബെറി
ജയ്പൂര്‍: ബ്ലാക്ക് ബെറിയ്ക്ക് സമാനമായ സേവനം നല്‍കുന്ന സോഫ്റ്റ്വേറുമായി ഇന്ത്യന്‍ കമ്പനി രംഗത്ത്. ഇന്ത്യയില്‍ തന്നെ വിവരങ്ങള്‍ സൂക്ഷിയ്ക്കുന്നതുകൊണ്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വേണമെങ്കില്‍ അവ പരിശോധിയ്ക്കാനും കഴിയും. വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പരിശോധിയ്ക്കാന്‍ ലഭ്യമല്ലെന്നതായിരുന്നു ബ്ലാക്ക് ബെറിയ്ക്കെതിരെ ഉണ്ടായിരുന്ന പ്രധാന ആരോപണം.
ഭാരത്ബെറി എന്നാണ് ഈ പുതിയ സര്‍വീസിന് പേര് നല്‍കിയിരിയ്ക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് ആണ് ഈ പുതിയ സോഫ്റ്റ്വേര്‍ പുറത്തിറക്കിയത്. ഡാറ്റ ഇന്‍ഫോസിസ് ലിമിറ്റഡ് എന്ന കമ്പനിയാണ് പുതിയ സംവിധാനം രൂപപ്പെടുത്തിയിരിയ്ക്കുന്നത്. ഈ പുതിയ സോഫ്റ്റ്വേര്‍ ബ്ലാക്കബെറി ഫോണിലും മറ്റ് ഫോണുകളിലും ഉപയോഗിയ്ക്കാവുന്നതാണെന്ന് കമ്പനിയുടെ സിഇഒ അജയ് ദത്ത പറഞ്ഞു.
ഈ സേവനം ലഭ്യമാവാന്‍ മാസംപ്രതി 100 രൂപ നല്‍കണം. കലണ്ടറും കോണ്ടാക്ട് വിവരങ്ങളും സൂക്ഷിയ്ക്കുന്നതിന് 50 രൂപയും നല്‍കേണ്ടതുണ്ട്. കമ്പനിയുടെ വെബ്സൈറ്റില്‍ നിന്ന് ഈ സോഫ്റ്റ്വേര്‍ ഓണ്‍ലൈനില്‍ വാങ്ങി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.












Click it and Unblock the Notifications