ഇടത് അംഗങ്ങള്‍ ദൈവനാമത്തില്‍ പ്രതിജ്ഞയെടുത്തു
ആലപ്പുഴ: കായംകുളം നഗരസഭയില്‍ സിപിഎം, സിപിഐ അംഗങ്ങള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
സിപിഎം ടൗണ്‍ വടക്ക് ലോക്കല്‍ സെക്രട്ടറി മോഹന്‍ദാസിന്റെ ഭാര്യ വല്‍സലാ മോഹന്‍ദാസ്, സിപിഎമ്മിന്റെ അംഗങ്ങളായ ഹംസക്കുട്ടി, എച്ച്. കുല്‍സുമ്മ, എഐവൈഎഫ് ഏരിയാ സെക്രട്ടറി എ. ഷിജി, സിപിഐ അംഗം പി.ടി റംല എന്നിവരാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.
അവരവരുടെ വിശ്വാസമനുസരിച്ച് സത്യ പ്രതിജ്ഞ ചെയ്യാമെന്നും ദൃഢപ്രതിജ്ഞ തന്നെ വേണമെന്ന് നിര്‍ദേശിച്ചിരുന്നില്ലെന്നും ലോക്കല്‍ സെക്രട്ടറി മോഹന്‍ദാസ് പറഞ്ഞു.
അടൂര്‍ നഗരസഭയില്‍ സിപിഎം അംഗം രക്തസാക്ഷികളുടെ പേരില്‍ ദൃഢപ്രതിജ്ഞ ചെയ്തതു വിവാദമായി. ഈ പ്രതിജ്ഞ ചട്ടലംഘനമാണെന്ന് റിട്ടേണിങ് ഓഫിസര്‍ വ്യക്തമാക്കി.
നഗരസഭയിലേക്ക് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട സിപിഎം അംഗം എസ്. ഷാജഹാനാണ് ഈശ്വരനാമത്തിലുള്ള പ്രതിജ്ഞയും ദൃഢപ്രതിജ്ഞയും ഒഴിവാക്കി പ്രസ്ഥാനത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ പേരില്‍ ദൃഢപ്രതിജ്ഞയെടുത്തത്.
റിട്ടേണിങ് ഓഫിസര്‍ എഡിസി: ടി. തുളസീധരന്‍ അത് തടഞ്ഞില്ലെങ്കിലും ഈ രീതിയില്‍ പ്രതിജ്ഞയെടുക്കുന്നത് ചട്ടലംഘനമാണെന്ന് പിന്നീട് മാധ്യമലേഖകരോട് പറഞ്ഞു.
മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ മുതിര്‍ന്ന അംഗം സിപിഎമ്മിലെ വി.കെ. രാജപ്പന്‍ ആദ്യം ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞയെടുത്തെങ്കിലം പെട്ടെന്നുതന്നെ തിരുത്തി ദൃഢപ്രതിജ്ഞയായി അത് മാറ്റി .












Click it and Unblock the Notifications