എകെ പ്രേമജം കോഴിക്കോട് മേയര്‍
കോഴിക്കോട് ഇടതുമുന്നണിയ്ക്ക് ആശ്വാസജയം നേടിക്കൊടുത്ത കോഴിക്കോട് കോര്‍പ്പറേഷനിലെ അടുത്ത മേയറായി എകെ പ്രേമജത്തെ എല്‍ഡിഎഫ് ജില്ലാക്കമ്മിറ്റി പ്രഖ്യാപിച്ചു. പ്രൊഫസര്‍ പിടി അബ്ദുള്‍ ലത്തീഫാണ് ഡെപ്യൂട്ടി മേയര്‍. ഇരുവരും സിപിഎം പ്രതിനിധികളാണ്.
കോഴിക്കോട് കോര്‍പ്പറേഷനിലെ മുന്‍ മേയറും വടകര ലോക്‌സഭാ മണ്ഡലം മുന്‍ എംപിയുമാണു പ്രേമജം. കഴിഞ്ഞ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലിലും ഡെപ്യൂട്ടി മേയറായിരുന്നു അബ്ദുള്‍ ലത്തീഫ്.
നഗരസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ പ്രേമജം സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാകമ്മിറ്റി അംഗവും ജനാധിപത്യമഹിളാ അസോസിയേഷന്‍ ദേശീയസമിതി അംഗവുമാണ്. പൊറ്റമ്മല്‍ 29ാം ഡിവിഷനില്‍നിന്നാണ് ഇത്തവണ വിജയം.
കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍നിന്നു പ്രിന്‍സിപ്പലായി വിരമിച്ച ശേഷമാണു സജീവരാഷ്ട്രീയത്തിലിറങ്ങുന്നത്.
1995 ഒക്ടോബര്‍ നാലു മുതല്‍ 1998 ഏപ്രില്‍ 21 വരെ കോഴിക്കോട് മേയറായിരുന്നു പ്രേമജം. വടകരയില്‍നിന്നു ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മേയര്‍ സ്ഥാനം രാജിവച്ചു. കോഴിക്കോടിന്റെ നാലാമത്തെ വനിതാ മേയറാണിവര്‍. ഡെപ്യൂട്ടി മേയറാകുന്ന അബ്ദുള്‍ ലത്തീഫ് മലാപ്പറമ്പ് എട്ടാം ഡിവിഷനില്‍നിന്നാണു വിജയിച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇദ്ദേഹം കോഴിക്കോടിന്റെ ഡെപ്യൂട്ടി മേയറാകുന്നത്.












Click it and Unblock the Notifications