പിണറായിയെ കളിയാക്കുന്ന മെയിലിന്റെ ഉറവിടം തേടുന്നു
മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കളിയാക്കി പ്രചരിക്കുന്ന ഇ മെയിലിനെക്കുറിച്ച് പൊലീസിന്റെ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.
ഇമെയിലിന്റെ ഉറവിടം കണ്ടെത്താന്‍ അതു ലഭിച്ചവരെയും ഫോര്‍വേഡ് ചെയ്തവരെയും ബന്ധപ്പെട്ടാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.
തിരുവനന്തപുരം സൈബര്‍ സെല്ലില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ മെയില്‍ ഫോര്‍വേഡ് ചെയ്തവരെ കണ്ടെത്തി ഫോണില്‍ ചോദ്യംചെയ്തു. ലഭിച്ച ഇമെയിലും ഫോര്‍വേഡ് ചെയ്ത ഇമെയിലും സൈബര്‍ സെല്ലിന് അയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശമലയാളികള്‍ക്കിടയിലാണ് മെയിലിന് വലിയ പ്രചാരം ലഭിച്ചത്. വിദേശമലയാളികള്‍ നാട്ടിലെ സുഹൃത്തുക്കള്‍ക്ക് അയച്ച മെയിലിനെ അടിസ്ഥാനപ്പെടുത്തി അന്വേഷണം നടത്താനാണ് സൈബര്‍ സെല്ലിന് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുന്‍പാണ് പുതിയ ഇമെയില്‍ പ്രചരിച്ചത്. സന്ദേശം എന്ന സിനിമയിലെ പാര്‍ട്ടി ക്‌ളാസില്‍ നടന്‍ ശ്രീനിവാസനും ശങ്കരാടിയും പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു പറയുന്ന ഹാസ്യാത്മകമറുപടികളാണ് പിണറായിയുടെ പേരില്‍ ഇമെയില്‍ രൂപത്തില്‍ പ്രചരിച്ചത്.
നേരത്തേ പിണറായിയുടെ വീട് എന്ന പേരില്‍ കുന്നംകുളം സ്വദേശിയുടെ വീടിന്റെ ഫോട്ടോ ഇമെയില്‍ പ്രചരിപ്പിച്ച കേസില്‍ സൈബര്‍ സെല്‍ ഇമെയില്‍ ഉണ്ടാക്കിയ റെനി മാത്യു ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications