ഇന്ത്യ അമേരിക്കയില്‍ തൊഴില്‍ സൃഷ്ടിയ്ക്കും: ഒബാമ
ദില്ലി: ഇന്ത്യ അമേരിക്കയില്‍ തൊഴില്‍ സൃഷ്ടിയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബാരക് ഒബാമ. ദില്ലിയില്‍ ഹൈദരബാദ് ഹൗസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള ബന്ധം അമേരിക്കയ്ക്ക് പരമപ്രധാനമാണ്. അതാണ് ഈ സന്ദര്‍ശനത്തിന് താന്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നതെന്നും ഒബാമ പറഞ്ഞു.
കഴിഞ്ഞ പല സന്ദര്‍ഭങ്ങളിലും പുറം ജോലി കരാറിനെക്കുറിച്ച് എതിരഭിപ്രായം പറഞ്ഞിരുന്ന ഒബാമ അതിനെക്കുറിച്ച് കാര്യമായി ഒന്നും പറഞ്ഞില്ല. എങ്കിലും ആ നിലപാടുകളെ ന്യായീകരിച്ചു. ഇരു രാജ്യങ്ങളുടേയും സഹകരണം രണ്ട് രാജ്യങ്ങളിലും തൊഴില്‍ സൃഷ്ടിയ്ക്കുമെന്ന് ഒബാമ പറഞ്ഞു. അമേരിക്കയുടെ ജോലി സാധ്യതകള്‍ മോഷ്ടിക്കുന്ന രാജ്യമല്ല ഇന്ത്യയെന്നായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ പ്രതികരണം.
വെല്ലുവിളികള്‍ നേരിടാന്‍ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യ-അമേരിക്ക ബന്ധം കാലഘട്ടത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒഴിച്ചുകൂടാനാകാത്തതാണ്. വിപണി നിയന്ത്രണം കുറയ്ക്കാനുള്ള തുടര്‍ നടപടികളുണ്ടാകുമെന്നും ഒബാമ പറഞ്ഞു
തന്ത്രപ്രധാന മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനും കൂടിക്കാഴ്ചയില്‍ തീരുമാനമായതായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ആണവരംഗത്ത് സഹകരണം വ്യാപിപ്പിക്കും. കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളിലും ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ആണവ തീവ്രവാദം തടയുന്നതിന് ഇരുരാജ്യങ്ങളും മുന്തിയ പരിഗണ നല്‍കും. ആണവസുരക്ഷയ്ക്കായി പഠനകേന്ദ്രം തുടങ്ങും. ഒബാമയെ ഇന്ത്യയുടെ ഉത്തമ സുഹൃത്തായാണ് മന്‍മോഹന്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ വിശേഷിപ്പിച്ചത്.
രാവിലെ രാഷ്ട്രപതി ഭവനില്‍ ഔപചാരികമായ സ്വീകരണം ഏറ്റുവാങ്ങിയ ഒബാമ മഹാത്മാഗാന്ധി അന്ത്യവിശ്രംകൊള്ളുന്ന രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി.












Click it and Unblock the Notifications