പോലീസ് ചോദ്യംചെയ്‌തു വിട്ടയാള്‍ തൂങ്ങി മരിച്ചു
തിരുവനന്തപുരം: പോലീസ് ചോദ്യം ചെയ്‌ത യുവാവിനെ നാലു ദിവസത്തിനുശേഷം ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം പളളിക്കല്‍ സ്വദേശി ബിന്‍ഷാദാണ് (19) ജോലി ചെയ്യുന്ന ഹോട്ടലില്‍ തൂങ്ങിമരിച്ചത്.
അര്‍ഷാദ് എന്ന കുട്ടിയെ കാണാതായതിനെക്കുറിച്ച് അന്വേഷിയ്ക്കാനായാണ് ബിന്‍ഷാദിനെ ചോദ്യം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കൊട്ടാരക്കര കുന്നിക്കോട് പോലീസ് സ്‌റ്റേഷനില്‍ പട്ടാഴി ഗവ. ഹൈസ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥിയായ അര്‍ഷാദിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇത് പത്രപരസ്യമായി നല്‍കിയിരുന്നു. പരസ്യത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മേല്‍വിലാസവും ഫോണ്‍ നമ്പരും നല്‍കിയിരുന്നു.
ഒക്ടോബര്‍ 20 നായിരുന്നു അന്‍ഷാദിനെ കാണാതായത്. തുടര്‍ന്ന് പരസ്യത്തില്‍ കണ്ട നമ്പരില്‍ ബിന്‍ഷാദ് മിസ്‌ഡ് കോ ള്‍ ചെയ്‌തു. ഈ നമ്പരില്‍ അര്‍ഷാദിന്റെ വീട്ടുകാര്‍ തിരിച്ചുവിളിച്ചു. കാണാതായ നിങ്ങളുടെ മകന്‍ എന്റെ കൂടെയുണ്ടെന്നായിരുന്നു ബിന്‍ഷാദ് മറുപടി അറിയിച്ചത്.
പിന്നീട് ബന്ധുക്കള്‍ ബിന്‍ഷാദിന്റെ നമ്പരില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ ഓഫ് ചെയ്തിരുന്നു. പിന്നീട് അര്‍ഷാദിന്റെ ബന്ധുക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ഈ പരാതി കണക്കിലെടുത്താണ് ഫോര്‍ട്ട് എ.സിയെ സംഭവം അന്വേഷിക്കാന്‍ ഡി.ജി.പി. ചുമതലപ്പെടുത്തിയത് മിസ്‌ഡ് കോള്‍ നമ്പറിന്റെ ഉറവിടം കണ്ടെത്തി ആളെ തിരിച്ചറിഞ്ഞു.
പൊലീസ് നവംബര്‍ നാലിന് രാവിലെ പതിനൊന്നിന് ബിന്‍ഷാദിനെ ഫോര്‍ട്ട് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് ഇയാളില്‍നിന്ന് മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. ഈ വിവരം ബിന്‍ഷാദ് താന്‍ ജോലി ചെയ്യുന്ന ഹോട്ടലുടമയെയും അറിയിച്ചു.
ഞായറാഴ്ച രാവിലെ ഇയാള്‍ തൂങ്ങിമരിച്ച നിലയിലാണ് പിന്നീട് ഹോട്ടലുടമയും ജീവനക്കാരും കാണുന്നത്. ഫോര്‍ട്ട് പോലീസില്‍ വിവരം അറിയിച്ചു. പ്ലസ്‌ടു വിദ്യാര്‍ഥിയായ അര്‍ഷാദിനെ കാണാതായ സംഭവത്തില്‍ താന്‍ പ്രതിചേര്‍ക്കപ്പെടുമോ എന്ന ഭീതിയിലായിരിക്കും ഇയാള്‍ തൂങ്ങിമരിച്ചതെന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications