കാമുകിയുടെ നഗ്നചിത്രം യുവാവ് ഫേസ്ബുക്കിലിട്ടു
ഓക്ലാന്റ്: പൂര്‍വ്വകാമുകിയുടെ നഗ്നചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച ന്യൂസിലാന്റുകാരന്‍ ജയിലിലായി.
ഇരുപതുകാരനായ ജോഷ്വ സൈമണ്‍ എഷ്ബിയെന്ന പെയിന്റിങ് തൊഴിലാളിയെയാണ് വെല്ലിങ്ടണ്‍ ജില്ലാ കോടതി വെള്ളിയാഴ്ച നാലു മാസത്തെ തടവിന് ശിക്ഷിച്ചത്.
ഫേസ്ബുക്കില്‍ ചിത്രം പ്രസിദ്ധപ്പെടുത്തിയതിന് തൊട്ടുമുമ്പ് മദ്യലഹരിയിലായിരുന്ന ഇയാള്‍ യുവതിയെ വിളിച്ച് ഞാന്‍ നിന്നെ കൊല്ലാന്‍ പോവുകയാണെന്നും മറ്റും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ.
യുവതിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്ത്തന്നെയാണ് ഇയാള്‍ നഗ്നചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് ശേഷം യുവതി ഫോട്ടോ മാറ്റാതിരിക്കാന്‍ ഇയാള്‍ അവരുടെ അക്കൗണ്ടിന്റെ പാസ് വേര്‍ഡ് മാറ്റുകയും ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് 12മണിക്കൂര്‍ കഴിഞ്ഞ് ഫേസ്ബുക്ക് അധികൃതര്‍ യുവതിയുടെ അക്കൗണ്ട് മാറ്റുകയായിരുന്നു.
കുറ്റത്തില്‍ പ്രഥമദൃഷ്യാ ജോഷ്വ കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയിരുന്നു. സോഷ്യല്‍ വെബ്സൈറ്റില്‍ അധാര്‍മ്മികമായ കാര്യം ചെയ്തതിന് ന്യൂസിലാന്റിലെ നിയമമനുസരിച്ച് ഒരാള്‍ തടവിലാകുന്നത് ഇതാദ്യമാണ്.
താനുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചതിന് പകതീര്‍ക്കാന്‍ വേണ്ടിയാണത്രേ മദ്യലഹരിയില്‍ യുവാവ് കാമുകിയുടെ ന്ഗ്നചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അഞ്ചുമാസക്കാലത്തോളം ഇവര്‍ പ്രണയത്തിലായിരുന്നു.