തീവണ്ടിയില്‍ മോശം ഭക്ഷണം; പരാതി എസ്എംഎസ് ചെയ്യാം
ദില്ലി: തീവണ്ടിയില്‍ ലഭിക്കുന്ന ഭക്ഷണം നിലാവാരം കുറഞ്ഞതാണെങ്കില്‍ യാത്രക്കാര്‍ക്ക് തല്‍സമയം പരാതിപ്പെടാന്‍ റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പര്‍ തുടങ്ങുന്നു.
2010 ഡിസംബര്‍ മുതലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ തുടങ്ങുക. 57886 എന്നതായിരിക്കും നമ്പര്‍. ഇതിലേയ്ക്ക് വിളിക്കുകയോ എസ്എംഎസ് അയയ്ക്കുകയോ ചെയ്യാം.
റെയില്‍വേയില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഹെല്‍പ് ലൈന്‍ ഒരുക്കുന്നത്. റെയില്‍വേയ്ക്ക് ഉപയോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും അവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനുമാണ് ഇത്തരമൊരു സംരംഭം തുടങ്ങുന്നതെന്ന് അധികൃതര്‍ പറയുന്നു.
ഭക്ഷണപ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും യാത്രക്കാര്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതിപ്പെടാം. സന്ദേശമോ, കോളോ ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍തന്നെ ഇക്കാര്യത്തില്‍ അധികൃതര്‍ ശ്രദ്ധചെലുത്തുകയും വേണ്ട നടപടികള്‍ എടുക്കുകയും ചെയ്യും.
ഇന്ത്യയിലെ ഏത് നമ്പറില്‍ നിന്നും ഇതിലേയ്ക്ക് വിളിക്കാം. ഇതിന് സാധാരണ കോളുകളുടെ ചാര്‍ജ് മാത്രമേ നല്‍കേണ്ടതുമുള്ളു. കുറച്ച് കഴിയുമ്പോല്‍ യാത്രക്കാര്‍ക്ക് എന്തെങ്കിലും വസ്തുക്കള്‍ പാര്‍സലായി വേണമെങ്കില്‍ ഈ നമ്പറിലൂടെ ആവശ്യപ്പെടാനുള്ള സൗകര്യവും ഒരുക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.
ഇപ്പോള്‍ റെയില്‍വേയുടെ ടോള്‍ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍ 139 ആണ്. ഈ നമ്പര്‍ 2011 ഫെബ്രുവരി അവസാനം വരെ നിലനില്‍ക്കും.
എന്നാല്‍ മാര്‍ച്ച് ഒന്നാം തിയതി മുതല്‍ 57886 എന്നത് മാത്രമായിരിക്കും ഹെല്‍പ് ലൈന്‍ നമ്പര്‍. നോര്‍ത്ത് സോണിലായിരിക്കും ഈ സംവിധാനം ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവരുന്നത്. പിന്നീട് മറ്റുമേഖലകളിലും തുടങ്ങും.












Click it and Unblock the Notifications