പ്രണയം മായ്ക്കാന്‍ കത്തി; കാമുകി അറസ്റ്റില്‍
ലണ്ടന്‍: പ്രണയത്തിന് കണ്ണും കാതുമില്ലെന്നാണ് പറയാറ്. പ്രണയം കത്തിനില്‍ക്കുമ്പോള്‍ അത് പ്രകടിപ്പിയ്ക്കാന്‍ അക്കൂട്ടര്‍ പലതും ചെയ്യാറുണ്ട്. യുഎസിലെ നെബ്രാസ്‌ക്കയിലെ ഒരു യുവാവ് പ്രണയിനിയുടെ പേര് കഴുത്തില്‍ പച്ച കുത്തിയാണ് തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്. എന്നാല്‍ ഈ സ്‌നേഹപ്രകടനം വലിയ വിനയാവുമെന്ന് കാമുകന്‍ കരുതിയില്ല.
നെബ്രാസ്‌ക്ക സ്വദേശിയായ റൊണാള്‍ഡ് മൈന (30)റാണ് കഴുത്തില്‍ പച്ചകുത്തി സ്‌നേഹം പ്രകടിപ്പിച്ചത്. പക്ഷേ ഇടക്കാലത്ത് പ്രണയം പൊളിഞ്ഞതോട മൈനറുടെ കഴുത്തിലെ പേര് മായ്ച്ചു കളയണമെന്ന് കാമുകി ട്രെസ് അമേഴ്‌സണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രണയവഞ്ചനയുടെ സ്മാരകമായി ആ പേര് സൂക്ഷിക്കുമെന്നായിരുന്നു നിരാശാകാമുകന്റെ മറുപടി. ഇതോടെ ഹാലിളകിയ ട്രെസ് മുന്‍കാമുകന്റെ കഴുത്തിലെ പച്ചകുത്ത് കത്തി കൊണ്ട് കുത്തി മായ്ച്ചുകളയാന്‍ ശ്രമിച്ചു.
കത്തിക്കുത്ത് നടത്തിയ പത്തൊമ്പതുകാരി കാമുകിയിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കഴുത്തില്‍ മുറിവേറ്റ റൊണാള്‍ഡ് മൈനര്‍ ആശുപത്രിയില്‍ ചികിത്സയിലും. കഴുത്തില്‍ പച്ചകുത്തിയിരുന്ന അക്ഷരങ്ങള്‍ മായ്ക്കാന്‍ മാത്രമാണ് ട്രെസ ശ്രമിച്ചത് എന്നതിനാല്‍ യുവാവിന്റെ കഴുത്തിലെ മുറിവ് ആഴത്തിലുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തന്റെ കാര്‍ ട്രെസ മോശമായി ഉപയോഗിച്ച് ചീത്തയാക്കുന്നു എന്ന് റൊണാള്‍ഡ് പറഞ്ഞതാണ് ഇവരുടെ പ്രണയം പൊളിയാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.












Click it and Unblock the Notifications