ലയനത്തെപ്പറ്റി ആലോചിച്ചിട്ടില്ല: ബാലകൃഷ്ണ പിള്ള

വെള്ളിയാഴ്ച പാര്‍ട്ടി സെക്രട്ടേറിയറ്റ് ചേര്‍ന്നതു തദ്ദേശ ഭരണ തിരഞ്ഞെടുപ്പു ഫലം വിലയിരുത്താനാണ്. പാര്‍ട്ടിക്കു മൂന്നിരട്ടി സീറ്റ് കൂടി. ദില്ലിയില്‍ പോയതു കോണ്‍ഗ്രസ് നേതാക്കളെ കാണാനല്ല. എഴുന്നെള്ളത്തിന് ആനകളെ ഉപയോഗിക്കാന്‍ പാടില്ലെന്ന നിബന്ധനയെക്കുറിച്ചു മന്ത്രി ജയറാം രമേശുമായി ചര്‍ച്ച ചെയ്യാനാണെന്നും പിള്ള പറഞ്ഞു.
കോണ്‍ഗ്രസ് നിഷിദ്ധമായ പാര്‍ട്ടിയല്ല. താന്‍ മുന്‍പു കോണ്‍ഗ്രസുകാരനായിരുന്നു. ജനാധിപത്യവാദിയും ഗാന്ധിയനുമായ തനിക്കു കോണ്‍ഗ്രസിനോട് അടുപ്പമുണ്ട്. കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയില്‍ നില്‍ക്കുമ്പോള്‍ അവരുമായി അയിത്തമുണ്ടെന്ന് ആര്‍ക്കും പറയാനാവില്ല. പാര്‍ട്ടി ഭരണഘടനാ പ്രകാരം ലയനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമ്പൂര്‍ണ പ്രതിനിധി സമ്മേളനത്തിനു ശേഷം മാത്രമേ തീരുമാനിക്കാനാവൂ. ലയനകാര്യത്തേപറ്റി കോണ്‍ഗ്രസ് ഇങ്ങോട്ടോ കേരളാ കോണ്‍ഗ്രസ് (ബി) അങ്ങോട്ടോ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(ബി) കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ല. ഒരു കക്ഷിക്കും കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനാവില്ല. കേരള കോണ്‍ഗ്രസി(എം)ന്റെ ശക്തി വര്‍ധിച്ചില്ലേ എന്ന ചോദ്യത്തിന്, ശക്തി അറിയാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റ് നോക്കിയാല്‍ മതിയെന്നായിരുന്നു മറുപടി.
പാര്‍ട്ടിയില്‍ നിന്ന് ആരും രാജിവച്ചിട്ടില്ലെന്നും രാജിവച്ചതായി അവകാശപ്പെടുന്ന വ്യക്തി ജനറല്‍ സെക്രട്ടറി ആയിരുന്നില്ലെന്നും പിള്ള വിശദീകരിച്ചു.












Click it and Unblock the Notifications