സോണിയക്കെതിരെ ജഗന്റെ സാക്ഷി ചാനല്‍
ദില്ലി: ആന്ധ്രയിലെ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന രാജശേഖര റെഡ്ഡിയുടെ മകനും കടപ്പയില്‍ നിന്നും കോണ്‍ഗ്രസ് എംപിയുമായ ജഗന്‍മോഹന്‍ റെഡ്ഡിയും പാര്‍ട്ടിയും തമ്മിലുള്ള ഭിന്നത രൂക്ഷമാവുന്നു. ജഗന്റെ പുതിയ നീക്കങ്ങള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്തെത്തിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന പരിപാടി ജഗന്റെ ഉടമസ്ഥതയിലുള്ള സാക്ഷി ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തതാണ് ആന്ധ്രയിലെ പാര്‍ട്ടിഘടകത്തില്‍ പൊട്ടിത്തെറിയ്ക്കിടയാക്കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് ഘടകത്തോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു.
എഐസിസി മാധ്യമ വിഭാഗം തലവന്‍ ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് അറിയിച്ചു.
കോണ്‍ഗ്രസിനെയും അധ്യക്ഷ സോണിയാഗാന്ധിയെയും രൂക്ഷമായി വിമര്‍ശിക്കുന്ന ഒരുമണിക്കൂര്‍നീണ്ട പരിപാടി കഴിഞ്ഞ ദിവസമാണ് തെലുങ്ക് വാര്‍ത്താ ചാനലായ സാക്ഷി സംപ്രേഷണം ചെയ്തത്.
സോണിയയുടെ കീഴില്‍ പാര്‍ട്ടി അനുഭവിക്കുന്ന പരിതാവസ്ഥയായിരുന്നു പരിപാടിയുടെ ഉള്ളടക്കം. പ്രധാനമന്ത്രി സോണിയ ഗാന്ധിയുടെ റബര്‍ സ്റ്റാമ്പാണെന്ന പരാമര്‍ശം വരെ ഈ വാര്‍ത്താപരിപാടിയിലുണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചു വൈഎസ് ആറിന്റെ മരണം മുന്‍നിര്‍ത്തി ആശ്വാസ യാത്ര നടത്തിയതു മുതല്‍ കോണ്‍ഗ്രസുമായി ഭിന്നതയിലാണു ജഗന്‍.












Click it and Unblock the Notifications