Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ശാന്താദേവി അന്തരിച്ചു

Santha Devi
കോഴിക്കോട്: അഞ്ച് ദശകത്തോളം അരങ്ങിലും അഭ്രപാളികളും നിറസാന്നിധ്യമായിരുന്ന പ്രശസ്ത നടി ശാന്താദേവി (85) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രോഗം കടുത്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ സുരേഷ്‌കുമാറും സഹോദരി ലക്ഷ്മിയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.

മൃതദേഹം ഞായറാഴ്ച രാവിലെ 11.30 മുതല്‍ 1.30 വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് വിലാപയാത്രയായി മാവൂര്‍ റോഡ് ശ്മശാനത്തിലെത്തിച്ച് രണ്ടു മണിയോടെ സംസ്‌കരിക്കും.

ജീവിതവൃത്തിയ്ക്ക് വേണ്ടിയാണ് ശാന്താദേവി അഭിനയരംഗത്തേക്കിറങ്ങിയത്. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. തനതുശൈലിയിലുള്ള വേഷങ്ങളിലൂടെ അവര്‍ പ്രേക്ഷക മനസ്സില്‍ ഇടം കണ്ടെത്തി..

പൊറ്റമ്മല്‍ത്തോട്ടത്തിലെ കണ്ണക്കുറുപ്പിന്റെയും കാര്‍ത്ത്യായനി അമ്മയുടെയും പത്തുമക്കളില്‍ ഏഴാമത്തെ മകളാണ് ശാന്താദേവി. പതിനെട്ടാം വയസില്‍ അമ്മയുടെ അമ്മാവന്റെ മകന്‍ ബാലകൃഷ്ണനുമായായിരുന്നുു ആദ്യ വിവാഹം. ഇവര്‍ക്ക് ഒരു മകന്‍ പിറന്നെങ്കിലും ദാമ്പത്യം അധികകാലം ആയുസ്സുണ്ടായില്ല. തുടര്‍ന്ന് ഗായകനും നടനുമായ കോഴിക്കോട് അബ്ദുള്‍ഖാദറിനെ വിവാഹം കഴിച്ചു. അബ്ദുള്‍ഖാദറുമൊത്തുള്ള ജീവിതമാണ് ശാന്താദേവിയെ കലാരംഗത്തേക്കു നയിച്ചത്.

അഞ്ഞൂറിലധികം സിനിമകളില്‍ വ്യത്യസ്ത കഥാപാത്രത്തെ അരങ്ങിലെത്തിച്ച ഇവര്‍ ഒട്ടേറെ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. 1954ല്‍ വാസു പ്രദീപിന്റെ സ്മാരകം എന്ന നാടകത്തില്‍ ആമിനയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഭിനയജീവിതത്തിന് തുടക്കംകുറിച്ചത്. രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങായിരുന്നു ആദ്യ സിനിമ. മുറപ്പെണ്ണ്, മൂടുപടം, കുഞ്ഞാലിമരയ്ക്കാര്‍, അശ്വമേധം, കുട്ടിക്കുപ്പായം, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഗരമേ നന്ദി, അസുരവിത്ത് തുടങ്ങിയവ അഭിനയിച്ച സിനിമകളില്‍ പ്രധാനപ്പെട്ടതാണ്. 2009ല്‍ പുറത്തിറങ്ങിയ അന്‍വര്‍ റഷീദിന്റെ 'ദ ബ്രിഡ്ജ് 'ആണ് അവസാന സിനിമ. ജീവിതസായാഹ്നത്തില്‍ ഉപേക്ഷിയ്ക്കപ്പെടുന്ന നിസ്സഹായയായ അമ്മയുടെ വേഷമായിരുന്നു സിനിമയില്‍ ശാന്താദേവിക്ക്.

1992ല്‍ ഭരത് ഗോപിയുടെ 'യമനം'എന്ന സിനിമയിലെ അഭിനയത്തിന് സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും 1978ല്‍ മികച്ച നടിക്കുള്ള സംഗീതനാടക അക്കാദമിയുടെ അവാര്‍ഡും ലഭിച്ചു. 2006ല്‍ കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരവും ഇവരെ തേടിയെത്തി. നല്ല ഗായിക കൂടിയായ ശാന്താദേവി ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ടിസ്റ്റായിരുന്നു. മക്കള്‍: സുരേഷ്ബാബു, പരേതനായ സത്യജിത്ത്. മരുമക്കള്‍: റാണി, പരേതയായ സോഫിയ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+