രാശി നോക്കാതെ ആര്‍ക്കും വരാം ഗൗരിയമ്മ

ഈയാഴ്ചത്തെ ജാതകഫലത്തില്‍ മാനഹാനി പറഞ്ഞിട്ടുള്ളതിനാല്‍ ഗൗരിയമ്മയെ കാണാന്‍ അടുത്തയാഴ്ച പോകാമെന്നു യുഡിഎഫ് യോഗത്തില്‍ പറഞ്ഞ കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ പേരെടുത്തുപറയാതെ ഗൗരിയമ്മയുടെ പ്രയോഗം.
യുഡിഎഫ-ജെഎസ്എസ് പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഗൗരിയമ്മ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലാണു പരാമര്‍ശം.
യുഡിഎഫിനെതിരേ ഒരിക്കലും താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നു പറയുന്ന കുറിപ്പില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ മോശം സമീപനങ്ങള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്.
നാലുകൊല്ലമായി താന്‍ യുഡിഎഫിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നതു സത്യവിരുദ്ധമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂരില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല. കോണ്‍ഗ്രസ് ബ്ലോക്ക് ചെയര്‍മാന്‍ രാജേന്ദ്രപ്രസാദ് തന്നെ തോല്‍പിക്കാന്‍ സര്‍ക്കുലര്‍ ഇറക്കി.
തെരഞ്ഞെടുപ്പിനുശേഷം ഇതു കോണ്‍ഗ്രസിന്റെ ശ്രദ്ധയില്‍പെടുത്തിയതിനേത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വന്നു രാജേന്ദ്രപ്രസാദിനേക്കൊണ്ട് മാപ്പുപറയിപ്പിച്ചിരുന്നു-കുറിപ്പില്‍ പറയുന്നു.
തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്ന അജണ്ടയില്‍ പാര്‍ട്ടിയുടെ അഭിപ്രായം രേഖപ്പെടുത്താന്‍ ഒരിക്കല്‍ യുഡിഎഫ്. യോഗത്തില്‍ പോയിരുന്നു.
അന്ന് അവിടെയുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തില്‍ പിന്നീടു പോയില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ആലപ്പുഴ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി ജെഎസ്എസ് ശക്തമായി രംഗത്തിറങ്ങി. തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനു താനെടുത്ത നിലപാടും മറ്റും കേന്ദ്രമന്ത്രി എ.കെ. ആന്റണിയോടു ചോദിച്ചാല്‍ മനസിലാക്കാമെന്നും ഗൗരിയമ്മ ചൂണ്ടിക്കാട്ടി.
യുഡിഎഫിനെതിരേ പ്രവര്‍ത്തിച്ചിട്ടില്ലെന്ന പത്രക്കുറിപ്പുമായി ഗൗരിയമ്മ രംഗത്തുവന്നതു പ്രശ്‌നം തീരാനുള്ള സാധ്യതയിലേക്കാണു വിരല്‍ചൂണ്ടുന്നത്. എ.എന്‍. രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രബലപക്ഷത്തിന്റെ സമ്മര്‍ദത്തിനു ഗൗരിയമ്മ വഴങ്ങിയേക്കും.
യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വന്നു കാണുന്നതോടെ ഗൗരിയമ്മയുടെ പരിഭവം മാറിയേക്കുമെന്നാണ് സൂചന.
എ.കെ ആന്റണിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഗൗരിയമ്മയെ പിണക്കേണ്ടെന്ന അഭിപ്രായക്കാരാണ്. ഗൗരിയമ്മയെ ഒപ്പംനിര്‍ത്തി യുഡിഎഫില്‍ ഉറച്ചുനില്‍ക്കാനാണു രാജന്‍ ബാബുവിന്റേയും മറ്റും ശ്രമം.












Click it and Unblock the Notifications