69 കാരി 20 ദിവസം കുളിമുറിയില്‍ കുടുങ്ങി
പാരീസ്: ഇരുപത് ദിവസം കുളിമുറിയില്‍ കഴിച്ചുകൂട്ടുക, അതും വെറും വെള്ളം മാത്രം കുടിച്ച്. സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടോ? എന്നാല്‍ പാരീസില്‍ നിന്നുള്ള ഒരു അറുപത്തൊന്‍പതുകാരി ഈ അവസ്ഥയെ തരണം ചെയ്തു.
വെറും ചൂടുവെള്ളം മാത്രം കുടിച്ച 20 ദിവസം സ്വന്തം വീട്ടിലെ കുളിമുറിയില്‍ കുടുങ്ങിയിരിക്കുകയായിരുന്നു ഇവര്‍. ഇപ്പോള്‍ അവശനിലയില്‍ ആശുപത്രിയില്‍ കഴിയുകയാണ് ഇവര്‍. ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
പാരീസിലെ ഒരു ഫഌറ്റില്‍ തനിച്ചു താമസിക്കുന്ന ഇവര്‍ കുളിമുറിയില്‍ കയറി വാതിലടച്ചപ്പോള്‍ പൂട്ട് കുടുങ്ങിപ്പോവുകയാണുണ്ടായത്. എങ്ങനെ ശ്രമിച്ചിട്ടും വാതില്‍ തുറക്കാനായില്ല. സഹായത്തിനു വിളിച്ചു കൂവിയെങ്കിലും കുളിമുറിയ്ക്ക് ജാലകങ്ങള്‍ ഇല്ലാത്തതിനാല്‍ ശബ്ദം പുറത്തുപോയില്ല.
പൈപ്പില്‍ തട്ടി ശബ്ദമുണ്ടാക്കി അയല്‍ക്കാരെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ക്ക് കാര്യം മനസ്സിലായില്ല. ര്രാത്രിയും പകലും തട്ടലും മുട്ടലും കേട്ടപ്പോള്‍ ആരോ വീടു നന്നാക്കുകയാണെന്നാണ് അയല്‍വാസികള്‍ വിചാരിച്ചതത്രേ. ഇതിനിടെ രാത്രി ശല്യമുണ്ടാക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് അവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
അപ്പോഴാണ് അയലത്തെ സ്ത്രീയെ പുറത്തു കണ്ടിട്ടു കുറേയായല്ലോ എന്ന് ചിലര്‍ക്കു തോന്നിയത്. അവര്‍ അഗ്‌നിശമന സേനയെ വിവരമറിയിച്ചു. അവരെത്തി വാതില്‍ തുറന്നപ്പോള്‍ കണ്ടത് കുളിമുറിയില്‍ അവശനിലയില്‍ കിടക്കുന്ന സ്ത്രീയെയാണ്.












Click it and Unblock the Notifications