1954 ഏപ്രില്‍ 11, ഏറ്റവും അറുബോറന്‍ ദിനം
ലണ്ടന്‍: ഒന്നും ചെയ്യാനില്ലാതെ ഒന്നും സംഭവിയ്ക്കാതെ ഒരു ദിവസം. അങ്ങനെയൊന്നുണ്ടായാല്‍ അതൊരു ബോറന്‍ ദിവസം തന്നെ. നിങ്ങളെ ഏറ്റവും ബോറടിപ്പിച്ച ദിനം കണ്ടെത്താന്‍ കഴിയുമോ? അസാധ്യമെന്നാവും ഉത്തരം?
എന്നാല്‍ മനുഷ്യന്റെ സഹായത്താല്‍ ഈ ബോറന്‍ ചോദ്യത്തിന് കമ്പ്യൂട്ടര്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നു. 1954 ഏപ്രില്‍ 11. എല്ലാ ദിവസവും ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും ഒന്ന് ലോകത്തിലെവിടെയെങ്കിലും ഉണ്ടാവും. എന്നാല്‍ ഈ ദിവസം കാര്യമായോ വാര്‍ത്തയോ കാര്യങ്ങളോ സംഭവിച്ചില്ലെന്നാണ് കമ്പ്യൂട്ടറിന്റെ കണ്ടെത്തല്‍.
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സാങ്കേതികവിദഗ്ധനായ ടണ്‍സ്റ്റാള്‍ പെഡോ വികസിപ്പിച്ചെടുത്ത ട്രു നോളജ് എന്ന സോഫ്റ്റ് വെയറാണ് ചരിത്രത്തിലെ ബോറന്‍ ദിവസം പരതിയത്.
ഇത്തിരിയെങ്കിലും ശ്രദ്ധിക്കപ്പെടുന്ന മൂന്നു കാര്യങ്ങളാണ് 1954 ഏപ്രില്‍ 11 ഞായറാഴ്ച സംഭവിച്ചത്. ഒന്ന് ബെല്‍ജിയത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നു. രണ്ടാമതായി ടര്‍ക്കി പണ്ഡിതനും ശാസ്ത്രജ്ഞനുമായ അബ്ദുല്ല അതലാറിന്റെ ജനനം, മൂന്നാമത് ഫുട്‌ബോള്‍ താരമായ ജാക്ക് ഷഫിള്‍ബോതമിന്റെ മരണം. ഇതല്ലാതെ കാര്യമായൊന്നും അന്നേ ദിവസം ലോകത്ത് നടന്നില്ലെന്ന് കമ്പ്യൂട്ടര്‍ പറയുന്നു.
ബോറന്‍ ദിനത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ രസം തോന്നുമെങ്കിലും ഇത് കണ്ടെത്തിയത് ലേശം തലപുകച്ചു തന്നെയാണ്. ദിവസം കണ്ടെത്തുന്നതിനായി 30 കോടി പ്രധാനസംഭവങ്ങള്‍ കമ്പ്യൂട്ടറിന് നല്‍കിയിരുന്നു. വാര്‍ത്ത സൃഷ്ടിച്ച വ്യക്തി, സ്ഥലം, ബിസിനസ്, സംഭവങ്ങള്‍ എന്നീ ക്രമത്തിലാണ് കമ്പ്യൂട്ടര്‍ സെര്‍ച്ച് നടത്തിയത്. സങ്കീര്‍ണമായ ആല്‍ഗോരിതമാണു ഇതിനായി ഉപയോഗിച്ചത്.












Click it and Unblock the Notifications