തിരുപ്പതിയിലെ സ്വര്‍ണംപൂശല്‍ നിയമവിരുദ്ധം
ഹൈദരാബാദ്: ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിന്റെ ശ്രീകോവില്‍ സ്വര്‍ണം പൊതിയുന്നത് നിയമവിരുദ്ധമാണെന്ന് ആന്ധ്രാ ഹൈക്കോടതി. സ്വര്‍ണം പൊതിയുമ്പോള്‍ ശ്രീകോവില്‍ ചുമരിലെ അപൂര്‍വ കൊത്തുപണികള്‍ നശിക്കുമെന്ന് ചൂണ്ടിക്കാട്ടി ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോടതിയെ സമീപിച്ചത്.
തിരക്കുപിടിച്ചെടുത്ത തീരുമാനമാണിതെന്ന് ജസ്റ്റിസുമാരായ ബി പ്രകാശ റാവു, റെഡ്ഡി കാന്ത റാവു എന്നിവര്‍ നിരീക്ഷിച്ചു.
അനന്ത സ്വര്‍ണമയ പതക്കം വഴിപാടിലൂടെ ലഭിക്കുന്ന സ്വര്‍ണം ഉപയോഗിച്ചു ശ്രീകോവില്‍ പൊതിയുമെന്നാണ് തിരുപ്പതി തിരുമല ദേവസ്ഥാനം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സ്വര്‍ണം പൊതിയാന്‍ വേണ്ടി ചുമര്‍ തുളയ്ക്കുമ്പോള്‍ പൗരാണിക പ്രാധാന്യമുള്ള കൊത്തുപണികള്‍ നശിക്കുമെന്നു കോടതി പറഞ്ഞു.
കൊത്തുപണികളുടെ ചിത്രമെടുത്തു സൂക്ഷിക്കുമെന്ന ക്ഷേത്രം അധികൃതരുടെ വാദം കോടതി അംഗീകരിച്ചില്ല.












Click it and Unblock the Notifications