ഗഡ്കരിയുടെ വിരുന്നിന് വിവിഐപികള്‍
നാഗ്‍പൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ മകന്‍ നിഖില്‍ (26) വിവാഹിതനായി. വ്യാഴാഴ്ച നാഗ്പൂരിലെ രാജ്‌വാഡ പാലസ് ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ വെറും 2000 അതിഥികള്‍ മാത്രമേ പങ്കെടുത്തുള്ളൂ.
എന്നാല്‍ വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന സ്വീകരണ ചടങ്ങുകളില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമാണ് നിഖിലിന്റെയും ഋതുജയുടെയും വിവാഹം നടന്നത്. ചടങ്ങില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രമേര്‍പ്പെടുത്തിയിരുന്നു.
വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനില്‍ വച്ചാണ് വെള്ളിയാഴ്ച ആദ്യഘട്ട വിവാഹ സല്‍ക്കാര ചടങ്ങുകള്‍ നടക്കുക. എല്‍കെ അദ്വാനി, നരേന്ദ്രമോഡി, ശിവരാജ് സിംഗ് ചൌഹാന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ സല്‍ക്കാര ചടങ്ങുകളില്‍ പങ്കെടുക്കും.
ബിര്‍ളയും അംബാനി സഹോദരന്‍മാരും അടങ്ങുന്ന വ്യാപാര പ്രമുഖരും വിരുന്നിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സൂപ്പര്‍ താരം അമിതാഭും സ്വീകരണ ചടങ്ങിനെത്തുമെന്ന് ഉറപ്പില്ല. മൊത്തം 15,000 അതിഥികളെയാണ് വെള്ളിയാഴ്ച പ്രതീക്ഷിക്കുന്നത്.
വിരുന്നില്‍ എഴുപത് വ്യത്യസ്ത വിഭവങ്ങള്‍ വിളമ്പുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപതോളം വിമാനങ്ങളാണ് അതിഥികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശനിയാഴ്ച രേശംബാഗില്‍ വച്ചാണ് രണ്ടാം ഘട്ട വിരുന്നു സല്‍ക്കാരം നടക്കുന്നത്. നാഗ്പൂരില്‍ നിന്നും സമീപപ്രദേശത്തു നിന്നും ഉള്ള ഒരു ലക്ഷത്തോളം അതിഥികള്‍ ഈ സല്‍ക്കാരത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.












Click it and Unblock the Notifications