ഓസോണ്‍ വിള്ളല്‍ ചെറുതാവുന്നു
വെല്ലിങ്ടണ്‍: ഭൂമിയ്ക്ക് ആവരണമായി വര്‍ത്തിയ്ക്കുന്ന ഓസോണ്‍ പാളിയിലെ വിള്ളലുകള്‍ ചെറുതാവുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി വിളളലില്‍ പ്രകടമായ മാറ്റം ഉണ്ടായതായി ന്യൂസിലന്‍ഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് റിസേര്‍ച്ച് ഗവേഷകര്‍ കണ്ടെത്തി.
ഓസോണ്‍ പാളിയിലെ വിളളല്‍ കുറയുന്നതു ശുഭപ്രതീക്ഷയോടെയാണ് ശാസ്ത്രലോകം നോക്കികാണുന്നത്. വിള്ളല്‍ ചെറുതാവുന്നത് ശാശ്വതമാണോയെന്നു നിര്‍ണയിക്കേണ്ടതുണ്ടെന്ന് ഇതേക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകനായ സ്റ്റീഫന്‍ വുഡ് പറഞ്ഞു.
ഓസോണ്‍ പാളികള്‍ക്കു ദോഷമാകുന്ന ക്ലോറോഫ്‌ളൂറോ കാര്‍ബണ്‍(സിപിഎഫ്‌സി) പോലുള്ള വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നതിനു 1987 ല്‍ രൂപം നല്‍കിയ മോണ്‍ട്രിയോള്‍ കരാര്‍ വിജയിച്ചതിന്റെ സൂചനയാണിതെന്നു ഗവേഷകര്‍ വിലയിരുത്തുന്നു.
അന്റാര്‍ട്ടിക്കയ്ക്കു മുകളില്‍ വിളളല്‍ രൂപപ്പെട്ടത് ലോകജനതയെ ആശങ്കയിലാഴ്ത്തിയിരുന്നു.












Click it and Unblock the Notifications