അന്താരാഷ്ട്ര ടെര്‍മിനല്‍ 12ന് തുറക്കാം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഡിസംബര്‍ 12ന് തുറക്കാന്‍ കേന്ദ്ര വിമാനത്താവള അഥോറിട്ടി തയാര്‍. എന്നാല്‍ ടെര്‍മിനലിന്റെ ഉത്ഘാടനത്തിനായി പ്രധാനമന്ത്രിയെയോ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി പ്രഭുല്‍ പട്ടേലിനെയോ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
നേരത്തെ ടെര്‍മിനല്‍ കേന്ദ്ര മന്ത്രി വയലാര്‍ രവിയെകൊണ്ട് ഉത്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അതിന് സംസ്ഥാന സര്‍ക്കാര്‍ തടസം നില്‍ക്കുകയായിരുന്നു. വ്യോമയാന വകുപ്പ് ഉത്ഘാടനം 12 നടത്താമെന്ന് പറഞ്ഞെങ്കിലും അന്നേ ദിവസം പ്രധാനമന്ത്രിയേയോ വ്യോമയാന വകുപ്പ് മന്ത്രിയെയോ കിട്ടുമെന്ന് ഉറപ്പായിട്ടില്ല. ഇവരോട് ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ തയാറാണെങ്കില്‍ ഉത്ഘാടനം അഞ്ച് ദിവസത്തേയ്ക്ക് നീട്ടിവയ്ക്കാന്‍ വ്യോമയാന വകുപ്പ് തയാറാവണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
ടെര്‍മിനല്‍ തുറന്നാല്‍ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ പുറപ്പെടുകയും എത്തുകയും ചെയ്യുന്നത് ഇവിടെ ആയിരിയ്ക്കും. ആദ്യം എയര്‍ ഇന്ത്യ വിമാനങ്ങളായിരിയ്ക്കും ഈ ടെര്‍മിനല്‍ ഉപയോഗിയ്ക്കുക. തുടര്‍ന്ന് സ്വകാര്യ വിമാന കമ്പനികളായ കിംഗ്ഫിഷര്‍, ജെറ്റ് എന്നിവയ്ക്കും സൗകര്യം നല്‍കും. വിവിധ ഇന്ത്യന്‍ നഗരങ്ങള്‍ വഴി വിദേശസര്‍വീസ് നടത്തുന്ന വിമാനങ്ങളും ഈ ടെര്‍മിനലായിരിയ്ക്കും ഉപയോഗിയ്ക്കുക.
ഒട്ടും തന്നെ സൗകര്യമില്ലാത്തതാണ് വിമാനത്താവളത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഇപ്പോഴത്തെ അന്തര്‍ദേശീയ ടെര്‍മിനല്‍. അവിടെ തിരക്ക് കാരണം വരുന്നവരും പോകുന്നവരും വിഷമിയ്ക്കുകയാണ്. അതാണ് വിമാനത്താവളത്തിന്റെ കിഴക്ക് ഭാഗത്തായി പുതിയ ടെര്‍മിനല്‍ പണിയാന്‍ കാരണം. പക്ഷേ പണി പൂര്‍ത്തിയായിട്ടും രാഷ്ട്രീയ തര്‍ക്കം കാരണം ഇത് ഇതുവരെ തുറക്കാനായിട്ടില്ല.
289 കോടി രൂപ ചെലവിട്ട് എയര്‍പോര്‍ട്ട് അഥോറിട്ടി ഓഫ് ഇന്ത്യയാണ് ഈ ടെര്‍മിനല്‍ പണിതത്. യാത്രക്കാരില്‍ നിന്ന് 755 രൂപ യൂസേഴ്സ് ഫീസ് പിരിയ്ക്കാന്‍ തീരുനമായിട്ടുണ്ട്. അടുത്ത പത്ത് വര്‍ഷത്തേയ്ക്കായിരിയ്ക്കും യൂസേഴ്സ് ഫീസ് പിരിവ്. ഇതിനെതിരെയും സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഒരു വര്‍ഷം 24 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിയ്ക്കുന്നത്. ഇതില്‍ 75 ശതമാനവും അന്താരാഷ്ട്ര യാത്രക്കാരാണ്. പ്രതിവര്‍ഷം 130 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് പുതിയ ടെര്‍മിനല്‍ രൂപീകരിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications