എംജിഎസ് വിമര്‍ശിച്ചു; അഴീക്കോട് ഇറങ്ങിപ്പോയി

ഇപ്പോഴിതാ കുറച്ചുകാലത്തെ നിശബ്ദതയ്ക്കുശേഷം സാംസ്‌കാരിക രംഗത്ത് അടുത്ത പോരിന് വഴിയൊരുങ്ങുന്നു. ഇത്തവണ ചരിത്രകാരന്‍ എംജിഎസ് നാരായണനാണ് അഴീക്കോടിന്റെ കോപം ഉണര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന ഭാഷാഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു ചടങ്ങില്‍ അഴീക്കോട് സദസ്സിലിരിക്കെ എംജിഎസ് അദ്ദേഹത്തെ കണക്കറ്റു വിമര്‍ശിച്ചു. ഇത് കേട്ട് കുപിതനായ അഴീക്കോട് ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോയി.
കെ കരുരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കരുണാകരന് കുഴലൂത്ത് നടത്തി കോണ്‍ഗ്രസുകാരനായി നടന്ന സുകുമാര്‍ അഴീക്കോടിന് ഇപ്പോള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുണ്ടായ ആഭിമുഖ്യത്തോട് യോജിക്കാനാവില്ലെന്നാണ് എംജിഎസ് തുറന്നടിച്ചത്.
ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ സുകുമാര്‍ അഴീക്കോടും സാംസ്‌കാരിക ഇടപെടലും എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് എംജിഎസ് അഴീക്കോടിനെതിരേ ആഞ്ഞടിച്ചത്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിക്കുന്ന അഴീക്കോട് കമ്യൂണിസ്റ്റ് നേതാക്കളായ വിഎസിനെയും പിണറായിയെയും വിമര്‍ശിക്കാത്തതെന്താണ് എന്ന് മനസിലാകുന്നില്ല. വിഎസും പിണറായിയും വലിയ മഹാന്‍മാരാണെന്നു ഞാന്‍ കരുതുന്നില്ല. അവരെ ഉയര്‍ത്തിപ്പറയേണ്ട ആവശ്യം അഴീക്കോടിനുണ്ടോ?-എംജിഎസ് ചോദിച്ചു.
ഇപ്പോള്‍ മന്‍മോഹന്‍ സിംഗ് പ്രകടിപ്പിക്കുന്നതുപോലെ, കമ്യൂണിസ്റ്റുകാരെ വിമര്‍ശിക്കേണ്ട നിര്‍ണായകഘട്ടത്തില്‍ മൗനം വിദ്വാനുഭൂഷണം എന്ന മട്ടിലാണ് അഴീക്കോട് പ്രവര്‍ത്തിക്കാറ്. ദേശീയപ്രസ്ഥാനകാലത്തും പിന്നീടും കോണ്‍ഗ്രസിന് അധികാരമുള്ളപ്പോള്‍ അവരെ അനുകൂലിച്ച് പറഞ്ഞ അഴീക്കോട് കമ്യൂണിസ്റ്റുകാര്‍ക്ക് അധികാരം ലഭിച്ചപ്പോള്‍ അവരെ അനുകൂലിച്ചു സംസാരിച്ചു തുടങ്ങി.- അദ്ദേഹം ചൂണ്ടിക്കാട്ടി.
എംജിഎസിന് ശേഷം പ്രസംഗിച്ച പോള്‍ മണലിലും ഡോക്ടര്‍ പിഎസ് ശ്രീകലയും അഴീക്കോടിനെ പിന്തുണച്ചും എംജിഎസിന്റെ ഭാഷയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും പ്രസംഗിച്ചെങ്കിലും അഴീക്കോട് അതിന് മുമ്പേ വേദി വിട്ടിരുന്നു.












Click it and Unblock the Notifications