മദ്യം നിരോധിച്ചിട്ട് മാത്രം കാര്യമില്ല: പിണറായി
കൊച്ചി: ഡിവൈഎഫ്‌ഐക്കാരില്‍ മദ്യപരുണ്ടെങ്കില്‍ അവരെ ശ്രദ്ധിക്കണമെന്നും അതില്‍നിന്ന് അവരെ പിന്തിരിപ്പിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
മദ്യാസക്തിക്കും സാമൂഹിക ജീര്‍ണതയ്ക്കുമെതിരെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യപാനം വിപത്താണെങ്കില്‍ അത് ആകെയങ്ങ് നിരോധിച്ചുകൂടെ എന്ന് ചോദിക്കുന്നവരുണ്ട്. നിരോധനം കൊണ്ട് ആപത്ത് ഒഴിവാകില്ല. കള്ളവാറ്റ് കൂടും. മറ്റ് മാര്‍ഗങ്ങളിലൂടെ മോശം സാധനങ്ങള്‍ എത്തും. മദ്യംവിറ്റ കാശുകൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരല്ല ഇത്. മദ്യപാനത്തിലൂടെ രോഗം ബാധിച്ചവര്‍ക്ക് ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന കാശ് മദ്യം വിറ്റുകിട്ടുന്നില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയന്‍ പറഞ്ഞു.
മദ്യത്തിനെതിരെയുള്ള സന്ദേശം വീടുകളില്‍ എത്തിക്കാന്‍ കഴിയണം. രക്ഷിതാക്കളാണ് അതിന് മുന്‍കൈ എടുക്കേണ്ടത്. മദ്യത്തിനെതിരെയുള്ള കാമ്പയിനില്‍ സിപിഎമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ചിലര്‍ പറയുന്നത് വെറുതെയാണ്.
ചെത്ത് തൊഴിലാളികള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് പറയുന്നത്. പരമ്പരാഗത തൊഴില്‍ എന്ന നിലയില്‍ ചെത്തിനെ എല്ലാവരും അംഗീകരിക്കുന്നുണ്ട്. മദ്യനിരോധനം നടപ്പായിരുന്ന കാലത്തും കേരളത്തില്‍ ചെത്ത് അനുവദിച്ചിരുന്നു.
ഔഷധഗുണമുള്ള ചക്കര ഉണ്ടാക്കുന്നത് കള്ളില്‍ നിന്നാണ്. അതുകൊണ്ട് ചെത്ത് തൊഴിലാളികള്‍ക്ക് ആശങ്കയൊന്നുമുണ്ടാവില്ല. സമൂഹനന്മക്കായി നിലപാട് സ്വീകരിക്കുമ്പോള്‍ ഏതെങ്കിലും കൂട്ടര്‍ എതിരുനില്‍ക്കുമെന്ന് ശങ്കിക്കേണ്ടതില്ല-പിണറായി പറഞ്ഞു.
മദ്യാസക്തിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയം മറന്നുള്ള പ്രവര്‍ത്തനം വേണമെന്നും മറ്റ് സംഘടനകളും ഈ രംഗത്തേക്ക് വരണമെന്നും പിണറായി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications