ഷാഹിനയ്‌ക്കെതിരെയുള്ള കേസ് ക്രൈംബ്രാഞ്ചിന്
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് എതിരെ മൊഴി നല്‍കിയ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലെ അന്വേഷണം മടിക്കേരി ക്രൈംബ്രാഞ്ചിന് വിട്ടു.
സംഭവത്തില്‍ മലയാളി മാധ്യമ പ്രവര്‍ത്തക കെകെ ഷാഹിനയുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കര്‍ണാടക പോലീസ് കേസെടുത്തത്.
ഇന്ത്യന്‍ ശിക്ഷാനിയമം 506ാം വകുപ്പുപ്രകാരമാണ് കേസെടുത്തതെന്ന് കുടക് ജില്ലാ പോലീസ് സൂപ്രണ്ട് മഞ്ജുനാഥ് പറഞ്ഞു.
ലക്കേരി എസ്‌റ്റേറ്റില്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ഒന്നാം പ്രതിയായ തടിയന്റെവിട നസീര്‍ സംഘടിപ്പിച്ച തീവ്രവാദ ക്യാമ്പില്‍ മദനിയെ കണ്ടെന്ന് മജിസ്‌ട്രേട്ടിന് മുന്നില്‍ മൊഴിനല്‍കിയ റഫീഖിനെയും എസ്‌റ്റേറ്റില്‍ നടന്ന തെളിവെടുപ്പില്‍ മദനിയെ തിരിച്ചറിഞ്ഞ യോഗാനന്ദയെയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
കുടക് ജില്ലയിലെ സോമവാര്‍പേട്ട് പോലീസ് സ്‌റ്റേഷനില്‍ ക്രൈം നമ്പര്‍ 199/2010, സിദ്ധാപ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ ക്രൈം നമ്പര്‍ 241/2010 എന്നിങ്ങനെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഏഷ്യാനെറ്റിന്റെ മുന്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന ഷാഹിന ഇപ്പോല്‍ ജോലിചെയ്യുന്ന തെഹല്‍ക്ക മാസികയ്ക്കുവേണ്ടിയാണ് മദനികേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഈ റിപ്പോര്‍ട്ട് തയ്യാറാക്കാനായി കുടകിലെത്തിയ ഷാഹിന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മദനി കേസില്‍ പൊലീസ് സാക്ഷിപ്പട്ടികയില്‍ ചേര്‍ത്തത് തങ്ങളറിയാതെയാണെന്ന് യോഗാനന്ദനും റഫീഖും പറഞ്ഞതായി തെഹല്‍ക പ്രസിദ്ധീകരിച്ച ഷാഹിനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഷാഹിനയ്‌ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു












Click it and Unblock the Notifications