സദ്ദാം ഹുസൈനെ വധിച്ചത് പ്രാകൃതമായ രീതിയില്‍
ബാഗ്ദാദ്: ഇറാഖിലെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ വധശിക്ഷയ്ക്കു വിധേയനാക്കിയതു പ്രാകൃതമായ രീതിയിലാണെന്നു തെളിയിക്കുന്ന അമേരിക്കന്‍ നയതന്ത്രരേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു.
ഇറാഖിലെ അന്നത്തെ യു.എസ്. അംബാസഡര്‍ സാല്‍മേ ഖാലിസാദും ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍ മോന്‍ഖിത് അല്‍ഫാറൂണുമായുള്ള സംഭാഷണത്തിന്റെ രേഖകളാണു പുറത്തായത്.
സദ്ദാം ഹുസൈനെ തൂക്കിലേറ്റുന്നതിനു സാക്ഷ്യം വഹിക്കാന്‍ മുപ്പതോളം പേരെ അനുവദിച്ചതും അവരെല്ലാം മൊബൈല്‍ ഫോണ്‍ കാമറയില്‍ വധശിക്ഷ പകര്‍ത്തിയതും സംഭാഷണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
കഴുമരത്തിലേക്കു സദ്ദാമിനെ അനുഗമിച്ച ഗാര്‍ഡുമാരിലൊരാള്‍ 'നരകത്തില്‍ പോട്ടെ' എന്നു അദ്ദേഹത്തോട് പറയുന്നതും രേഖകളിലുണ്ട്. ഗാര്‍ഡുമാര്‍ പകര്‍ത്തിയ മൊബൈല്‍ ദൃശ്യങ്ങള്‍ ബാഗ്ദാദിലെ തെരുവുകളില്‍ സിഡിയായി വില്‍പ്പനയ്‌ക്കെത്തിയിരുന്നു.
സദ്ദാമിന്റെ വിചാരണ ശരിയായ രീതിയിലല്ലായിരുന്നെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കാന്‍ ഇതെല്ലാം കാരണമായതായി സാല്‍മേ ഖാലിസാദ് ചൂണ്ടിക്കാട്ടി.
വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്തു മൊബൈല്‍ ഫോണ്‍ നിരോധനമുണ്ടായിരുന്നിട്ടും ഗാര്‍ഡുമാര്‍ അവ ഉപയോഗിച്ചു ചിത്രങ്ങള്‍ പകര്‍ത്തി. തൂക്കിലേറ്റുന്നതിനു മുമ്പു സദ്ദാം പ്രാര്‍ഥിക്കുമ്പോള്‍ ഗാര്‍ഡുമാരിലൊരാള്‍ 'മുഖ്താദാ, മുഖ്താദാ' എന്ന് ആക്രോശിച്ചു.
സദ്ദാം അധികാരഭ്രഷ്ടനായ ശേഷം ഉയര്‍ന്നുവന്ന ഷിയാ നേതാവ് മുഖ്താദാ അല്‍ സദറിനെ ഉദ്ദേശിച്ചായിരുന്നു അത്. സദ്ദാമിനെ തൂക്കിലേറ്റുന്നതു സംബന്ധിച്ച് ഇറാഖ് സര്‍ക്കാരിനു കൃത്യമായ പദ്ധതിയില്ലായിരുന്നെന്നും ആക്ഷേപകരമായ രീതിയില്‍ വധശിക്ഷ നടപ്പാക്കിയതും അതിന്റെ ദൃശ്യങ്ങള്‍ തെരുവില്‍ വില്‍പ്പനയ്‌ക്കെത്തിയതും വിമര്‍ശനങ്ങള്‍ക്കു വഴിവച്ചെന്നും ചോര്‍ന്ന രേഖയില്‍ പറയുന്നു.












Click it and Unblock the Notifications