ഓഹരി വിപണി വീണ്ടും താഴോട്ട് തന്നെ
മുംബൈ: ഡിസംബര്‍ എട്ട് ബുധനാഴ്ച വിപണിയ്ക്ക് നല്ല ദിവസമായിരുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 90 ഡോളര്‍ കടന്നതായിരുന്നു വിപണിയെ നിരാശയിലാക്കിയത്. ഇന്ത്യന്‍ വിപണി ഒരു ശതമാനത്തിലേറെയാണ് താഴോട്ട് പോയത്.
സെന്‍സെക്സ് 19,696.48 (-238.16)
നിഫ്ടി 5,903.70 (-72.85)
പെട്രോള്‍ ഡീസല്‍ വില കൂട്ടിയേയ്ക്കുമെന്ന അഭ്യൂഹങ്ങളും വിപണിയെ താഴോട്ട് നയിച്ചു. ബാങ്കുകളുടെ ഓഹരികളുടെ വില കാര്യമായി കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ബാങ്കുകളുടെ ഓഹരിവില താഴോട്ട് പോകുന്നത്. വായ്പാ നിരക്കുകള്‍ കൂട്ടിയതാണ് ഇതിന് കാരണമായത്. ഉയര്‍ന്ന നിരക്ക് പുതിയ വായ്പകളെ ബാധിയ്ക്കുമെന്നതാണ് ഇതിന് കാരണം. പെട്രോള്‍ -ഡീസല്‍ വില കൂടുകയാണെങ്കില്‍ അതും വാഹന വായ്പകളെ ബാധിയ്ക്കും. ബി എസ് ഇ ബാങ്കെക്സ് രണ്ട് ശതമാനമാണ് താണത്.
ഓരോ തവണ വിപണി കയറുമ്പോഴും ഒരു തിരിച്ചടി ഉണ്ടാവുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. അത്തരം ഒരു തിരിച്ചടിയായി വേണം ഈ ഇറക്കത്തെ കാണാന്‍. മികച്ച ഓഹരികള്‍ വാങ്ങാന്‍ പറ്റിയ സമയമാണത്രെ ഇത്. അടുത്ത ആഴ്ചകളില്‍ വീണ്ടും വിപണി താഴോട്ട് പോകുമെന്നാണ് കണക്ക് കൂട്ടല്‍.
ഓയില്‍ കമ്പനികളുടെ ഓഹരി വില കയറുകയായിരുന്നു ബുധനാഴ്ച. പെട്രോള്‍ - ഡീസല്‍ വില കയറുന്നത് കമ്പനികളുടെ ലാഭം കൂട്ടുമെന്നതാണ് ഇതിന് കാരണം.












Click it and Unblock the Notifications